ബെംഗളൂരു: തിയേറ്ററുകളില്‍ സ്റ്റേറ്റ് ആന്തം (State Anthem) നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ സാമൂഹ്യപ്രവര്‍ത്തകര്‍. സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും സ്റ്റേറ്റ് ആന്തം നിര്‍ബന്ധമാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇത് സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്ക് സംഘം മോമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.
ദേശീയ ഗാനത്തോടൊപ്പം സ്റ്റേറ്റ് ആന്തവും നിര്‍ബന്ധമാക്കണമെന്നാണ് മെമ്മോറാണ്ടത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ സമീര്‍ അഹമദ് ഖാന്റെ മകന്‍ സയിദ് ഖാന്‍ ആവശ്യപ്പെടുന്നത്.
‘സ്റ്റേറ്റ് ആന്തവും ദേശീയ ഗാനവും തുല്യ അഭിമാനത്തോടെ പാടാന്‍ കഴിയണം. ഇപ്പോഴുള്ള തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും വേണ്ടി സ്റ്റേറ്റ് ആന്തം പാടുന്നത് അനിവാര്യമാണ്,’ അദ്ദേഹം പറയുന്നു.
ദേശീയ ഗാനത്തോടൊപ്പം തിയേറ്ററുകളില്‍ സ്റ്റേറ്റ് ഗാനവും പാടുന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം സ്റ്റേറ്റ് ആന്തത്തിനായി സര്‍ക്കാര്‍ തെരഞ്ഞെടുത്ത ട്യൂണിനെതിരെ കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി ലഭിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിക്കേരി കൃഷ്ണമൂര്‍ത്തി എന്നയാളാണ് ഇത് ചോദ്യം ചെയ്ത് ഹരജി നല്‍കിയിരിക്കുന്നത്.
അന്തരിച്ച കവി കൂവെംപു (കുപ്പള്ളി വെങ്കട പുട്ടപ്പ) രചിച്ച ‘ജയ ഭാരത ജനനിയ തനുജാതേ’ എന്ന കവിത 2004ല്‍ സംസ്ഥാന ഗാനമായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്നുമുതല്‍, ദേശീയഗാനത്തിന്റെ ദൈര്‍ഘ്യം, ട്യൂണ്‍, വാക്കുകള്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയെക്കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
2013 ജൂണില്‍ സര്‍ക്കാര്‍ രൂപീകരിച്ച വസന്ത കനകപുര കമ്മിറ്റി സി. അശ്വത് ചിട്ടപ്പെടുത്തിയ ഈണം തന്നെ ഗാനത്തിനായി തുടരുമെന്ന് പറഞ്ഞിരുന്നു. മുഴുവന്‍ ഗാനത്തിനും ഈണം നല്‍കിയത് അനന്തസ്വാമിയല്ലെന്നും സമിതി വ്യക്തമാക്കി. പിന്നീട് ഡോ.ചന്നവീര കനവി കമ്മിറ്റിയും സി. അശ്വതിന്റെ രാഗം ശുപാര്‍ശ ചെയ്തിരുന്നു.