ബെംഗളൂരു: സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കും, ഹിന്ദുത്വ നേതാക്കളുടെ കൊലവിളി ആഹ്വാനങ്ങള്‍ക്കുമെതിരെ പ്രതിഷേധവുമായി കര്‍ണാടകയിലെ സാമൂഹിക പ്രവര്‍ത്തകര്‍.
മുസ്‌ലിങ്ങള്‍ക്കും, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരെ നടത്തുന്ന കലാപാഹ്വാനങ്ങളില്‍ നടപടിയെടുക്കാത്ത പൊലീസ് നിലപാടില്‍ പ്രതിഷേധിച്ചാണ് വിവിധ സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഹിന്ദുത്വ നേതാക്കളുടെ വര്‍ഗീയ പ്രസംഗങ്ങള്‍ സമീപകാലത്തായി വലിയ രീതിയില്‍ വര്‍ദ്ധിച്ചിരുന്നു. പല കേസുകളിലും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് വിസമ്മതിക്കുകയാണ്.
ഈയടുത്ത് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിഖിന്റെ ബാഗല്‍കോട്ടിലെ പ്രസംഗം വലിയ വിവാദമായിരുന്നു. ലൗ ജിഹാദില്‍ ഒരു പെണ്‍കുട്ടി നഷ്ടപ്പെട്ടാല്‍ പകരം പത്ത് മുസ്‌ലിം പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തണമെന്ന് പറഞ്ഞ മുത്തലിഖ് ഹിന്ദുക്കളോട് ആയുധങ്ങള്‍ മൂര്‍ച്ചകൂട്ടി വെക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു.
തുമകുരുവില്‍ വിശ്വഹിന്ദു പരിഷത് നേതാവ് ശരണ്‍ പമ്പ്‌വെല്‍ ഗുജറാത്ത് കലാപത്തെ ന്യായീകരിച്ചും രംഗത്തെത്തിയിരുന്നു. മംഗളൂരുവില്‍ മുഹമ്മദ് ഫാസിലിനെ കൊന്നത് തങ്ങളാണെന്ന് പറഞ്ഞ ശരണ്‍ മുസ്‌ലിങ്ങളെ ജിഹാദി നായ്ക്കളെന്നും വിളിച്ചു.
തുമകുരുവില്‍ നിന്ന് തന്നെയുള്ള ഹിന്ദുത്വ നേതാവ് കാളി സ്വാമിയും ഇതേ പ്രസ്താവന ആവര്‍ത്തിച്ചിട്ടുണ്ട്. ഒരു ഹിന്ദുവിനെ കൊന്നാല്‍ പകരം ഒന്‍പത് മുസ്‌ലിങ്ങളെയെങ്കിലും കൊല്ലണമെന്നാണ് അദ്ദേഹം പ്രസംഗിച്ചത്.
കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കൊല്ലണമെന്ന് കര്‍ണാടകയിലെ ബി.ജെ.പി മന്ത്രി അശ്വന്ത് നാരായണനും പരസ്യമായി അണികളോട് ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ഇത്തരം കൊലവിളികള്‍ക്കെതിരെ പൊലീസ് മൗനം പാലിക്കുകയാണെന്നും നടപടിയെടുക്കാന്‍ വിസമ്മതിക്കുകയാണെന്നും ആരോപിച്ച് മധു ഭൂഷണ്‍, ഗമന മഹിളാ സംഘടന നേതാവ് മമത യജ്മാന്‍, ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് റൈറ്റ്‌സ് യൂണിയന്‍ നേതാവ് ഗീത മേനോന്‍, പി.യു.സി.എല്ലിന്റെ അരവിന്ദ് നരെയ്ന്‍, ഗ്ലോബല്‍ കണ്‍സേണ്‍സ് കൂട്ടായ്മയുടെ മറിയ എന്നിവരടങ്ങുന്ന സംഘം കര്‍ണാടക പൊലീസ് ഐ.ജി ദേബജിത് റേയ്ക്ക് പരാതി നല്‍കിയത്.
എന്നാല്‍ ഇത്തരം കേസുകളില്‍ സ്വമേധയാ നടപടിയെടുക്കാന്‍ പൊലീസിന് പരിമിതിയുണ്ടെന്നാണ് ഐ.ജി. ഓഫീസില്‍ നിന്നും മറുപടി ലഭിച്ചതെന്നും, ഈ തീരുമാനം തെറ്റാണെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ നിസംഗതയില്‍ പ്രതിഷേധിച്ച് കൊണ്ട് പ്ലക്കാര്‍ഡുമേന്തി പൊലീസ് ഹെഡ് കോര്‍ട്ടേഴ്‌സിന് മുമ്പില്‍ പ്രതിഷേധിക്കുകയായിരുന്നു.
Content Highlight: Activists protest against hate speeches in Karnataka