വാഷിങ്ടൺ: ഗസയിൽ സ്ഥിരമായ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് യു.എസിൽ വൈറ്റ് ഹൗസിന് മുമ്പിൽ അഞ്ച് ദിവസത്തെ നിരാഹാര സമരവുമായി നിയമസഭാ സാമാജികരും അഭിനേതാക്കളും ആക്ടിവിസ്റ്റുകളും.
നടി സിന്ത്യ നിക്സൺ, ന്യൂയോർക്കിലെയും ദിലാവറിലെയും നിയമസഭാ സാമാജികർ, ജൂയിഷ് വോയിസ് ഫോർ പീസ്, യു.എസ് ക്യാമ്പയിൻ ഫോർ പരിസ്ഥിനിയൻ റൈറ്റ്സ് സംഘടനകളിലെ പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് നിരാഹാര സമരം നടത്തുന്നത്.
ഡിസംബറിൽ ക്രിസ്തുമസ് ആഘോഷം നടക്കാനിരിക്കെ ആളുകളുടെ ശ്രദ്ധ മാറുമെന്നും ഗസയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള ആവശ്യം ദുർബലമാകുമെന്നും സിന്ധ്യ നിക്സൺ പറഞ്ഞു.
‘ഫലസ്തീനികളെ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയാണ് എന്ന് ലോകത്തെ അറിയിക്കാനാണ് ഞങ്ങൾ നിരാഹാര സമരം നടത്തുന്നത്. എന്നാൽ അവർ പട്ടിണിയിലുമാണ് എന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്,’ സിന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ കൊല്ലപ്പെട്ട 15,000ത്തോളം ആളുകളിൽ 70 ശതമാനവും കുട്ടികളും സ്ത്രീകളുമാണ് എന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും അവർ പറഞ്ഞു.
‘അഫ്ഗാനിസ്ഥാനിലെ 20 വർഷ കാലയളവിൽ യു.എസും കൂട്ടാളികളും കൊലപ്പെടുത്തിയ ആളുകളുടെ എണ്ണത്തെക്കാൾ കൂടുതലാണ് ഇത്,’ സിന്ധ്യ പറഞ്ഞു.
താത്കാലിക വെടിനിർത്തൽ രണ്ടുദിവസം കൂടി നീട്ടിയതായി ഖത്തർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമരം സംഘടിപ്പിച്ചത്. വെടിനിർത്തൽ സ്ഥിരമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
പ്രസിഡന്റ് ജോ ബൈഡൻ ഉടൻ തന്നെ വെടിനിർത്തൽ ആവശ്യപ്പെടണമെന്ന് ന്യൂയോർക്ക് നിയമസഭാംഗമായ സുഹറാൻ മമ്താനി പറഞ്ഞു.
‘ ഞങ്ങളുടെ പ്രസിഡന്റിന്റെ നയങ്ങൾ കാരണം ഫലസ്തീനികൾ അനുഭവിക്കുന്ന പ്രയാസങ്ങളിലേക്ക് കുറച്ചെങ്കിലും വെളിച്ചം വീശുവാനാണ് ഞങ്ങൾ അഞ്ചു ദിവസം നിരാഹാരമിരിക്കുന്നത്,’ മമ്താനി പറഞ്ഞു.
നവംബർ 15ന് റോഡ്സ് പുറത്തുവിട്ട പോൾ പ്രകാരം അമേരിക്കൻ വോട്ടർമാർക്കിടയിലെ 68 ശതമാനം ആളുകളും ഗസയിൽ വെടിനിർത്തലിനെ പിന്തുണയ്ക്കുന്നു.
ഇസ്രഈല്‍ ഫലസ്തീന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍, അഭിമുഖങ്ങള്‍