| Tuesday, 28th August 2018, 11:53 pm

അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റുകളെ ഉടന്‍ വിട്ടയക്കണം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാവോവാദി ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത എഴുത്തുകാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കുമെതിരായ കേസ് പിന്‍വലിച്ച് അവരെ ഉടനടി വിട്ടയക്കണമെന്ന് സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ.

വീടുകളില്‍ കയറി റെയ്ഡ്‌നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയെ അപലപിക്കുന്നു. ദളിതര്‍ക്കെതിരായ ഭീമ കൊറേഗാവ് ആക്രമത്തിന് ശേഷം മഹാരാഷ്ട്ര പൊലീസും കേന്ദ്ര ഏജന്‍സികളും ചേര്‍ന്ന് ദളിത് ആക്ടിവിസ്റ്റുകളെയും അഭിഭാഷകരെയും വേട്ടയാടുകയും യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങള്‍ അവരെ കള്ളക്കേസില്‍ കുടുക്കുകയുമാണ്. ഇത് ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കുമെതിരായ കടന്നാക്രമണമാണെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറയുന്നു.

അറസ്റ്റിനെതിരെ രാഹുല്‍ഗാന്ധിയും രംഗത്തു വന്നിട്ടുണ്ട്. പുതിയ ഇന്ത്യയില്‍ ആര്‍.എസ്.എസിന് മാത്രമേ സംഘടനാ സ്വാതന്ത്ര്യമുള്ളൂവെന്ന് രാഹുല്‍ പറഞ്ഞു. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ വെടിവെച്ചു കൊല്ലുകയും ജയിലിലടയ്ക്കുകയും ചെയ്യുന്ന സ്ഥിതിയാണുള്ളതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

രാജ്യത്തൊട്ടാകെ ഒന്‍പതു സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളിലാണ് പൂനെ പൊലീസ് റെയ്ഡ് നടത്തിയത്. വരാവര റാവു, അഭിഭാഷക സുധാ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ അരുണ്‍ ഫെറാറിയ, ഗൗതം നവ്‌ലാഖ്, വെര്‍നന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് അറസ്റ്റു ചെയ്തിട്ടുള്ളത്. 2017ല്‍ നടന്ന ഭീമ-കോര്‍ഗാവ് അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകളെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിംഗ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍, ഷോമ സെന്‍ എന്നീ അഞ്ചു പേരെ ഇതേ കേസില്‍ ജൂണില്‍ അറസ്റ്റു ചെയ്തിരുന്നു. ഭീമ കോര്‍ഗാവ് ഗ്രാമത്തില്‍ വച്ച് ഇവര്‍ നടത്തിയ  പ്രസംഗമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ചാണ് ഇപ്പോള്‍ റെയ്ഡുകള്‍ നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more