| Friday, 15th November 2013, 1:58 am

മഅദനിക്ക് വേണ്ടി തലസ്ഥാനത്തെ സാമൂഹിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി:  ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്ന തലസ്ഥാനത്തെ സാമൂഹിക പ്രവര്‍ത്തകരുടെ ആവശ്യം മുറുകുന്നു.

നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ) പ്രകാരം ജയിലിലടക്കപ്പെടന്ന നിരവധി നിരപരാധികളുടെ പ്രതിനിധിയാണ് മഅദനിയെന്ന് ദല്‍ഹിയിലെ മനുഷ്യാവകാശ സംഘടനകള്‍ ഒന്നടങ്കം പറയുന്നു.

മഅദനിയുടെ ജീവിതത്തെ മുഴുവനായി വരച്ചു കാണിച്ച “ഫാബ്രിക്കേറ്റഡ്” എന്ന ഹ്രസ്വ സിനിമയും തലസ്ഥാനത്ത് ഏറെ ചര്‍ച്ചകള്‍ സൃഷ്ടിച്ചു.

മനുഷ്യാവകാശ പ്രവര്‍ത്തകനും പ്രമുഖ സംവിധായകനുമായ കെ.പി ശശിയുടേതാണ് “ഫാബ്രിക്കേറ്റഡ്”  എന്ന  ഹ്രസ്വ സിനിമ.

ചിത്രത്തിന്റെ ഉദ്ഘാടന പ്രദര്‍ശനത്തിന് സാമൂഹിക പ്രവര്‍ത്തകരായ ഡോ. ബിനായക് സെന്‍, വജാഹത്ത് ഹബീബുല്ല തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

ഇത്തരം അവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വരുന്ന ന്യനപക്ഷങ്ങള്‍ക്ക് തങ്ങള്‍ ഇന്ത്യനാണെന്ന് തെളിയിക്കേണ്ട ബാധ്യതയാണ് ഇപ്പോഴുള്ളതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി യൂണിയന്‍പ്രസിഡന്റ് അക്ബര്‍ അഭിപ്രായപ്പെടുന്നു.

ദളിതരും ആദിവാസികളും മുസ് ലിങ്ങളുമാണ് യു.എ.പി.എ പോലുള്ള വകുപ്പുകളില്‍ പെട്ട് ജയിലില്‍ കഴിയുന്ന ഭൂരിപക്ഷം പേരുമെന്ന് നേരത്തേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

മൂന്ന് വര്‍ഷമായി കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മഅദനി അതിന് മുമ്പ് ഒമ്പതര വര്‍ഷത്തോളം കോയമ്പത്തൂരിലെ ജയിലിലായിരുന്നു.

We use cookies to give you the best possible experience. Learn more