ആംസ്റ്റർഡാം: നെതർലാൻഡ്സിലെ ആംസ്റ്റർഡാമിലെ ഷോപ്പിങ് മാളിൽ ഫലസ്തീൻ അനുകൂല പ്രവർത്തകർ നടത്തിയ അനൗൺസ്‌മെന്റ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു.
നെതർലാൻഡ്സിലെ ഷോപ്പിങ് മാൾ ശൃംഖലയായ ഡി ബിജെൻകോർഫിന്റെ ആംസ്റ്റർഡാം ഷോറൂമിലാണ് ഇസ്രഈലുമായി ബന്ധമുള്ള ബ്രാൻഡുകളെ ബഹിഷ്കരിക്കുവാൻ ആഹ്വാനം ഉണ്ടായത്.
വർക്കേഴ്സ് ഫോർ ഫലസ്തീൻ എന്ന സംഘടന തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ സ്ത്രീ ശബ്ദത്തിലുള്ള അനൗൺസ്‌മെന്റാണ് കേൾക്കുന്നത്.
‘ബോംബുകൾ വീഴുമ്പോൾ ഷോപ്പിങ് നിർത്തുവാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. നിങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഗസയിലെ മരണങ്ങൾ സംഭവിക്കുന്നത്,’ അനൗൺസ്‌മെന്റിൽ പറയുന്നു.
ലോറിയൽ, ചാനൽ, ഡിയോർ പോലുള്ള ബ്രാൻഡുകളെ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഫലസ്തീനികളുടെ കൂട്ടക്കുരുതിക്ക് സഹായകമാകുമെന്നും അനൗൺസ്മെന്റിൽ കേൾക്കാം.
ക്രിസ്മസ് റദ്ദായെന്നും ഷോപ്പിങ് ബാഗുകൾ താഴെ വെച്ച് ബ്രാൻഡുകളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന് പിന്നാലെ ലഘുലേഖകളും കാർഡുകളും മാളിന്റെ മുകളിൽ നിന്ന് നിലത്തേക്ക് വിതറുന്നതും വീഡിയോയിൽ കാണാം.
ആംസ്റ്റർഡാം, ബെർലിൻ, ബ്രസൽസ്, റോട്ടർഡാം, ഉട്രെക്ട്, പാരീസ് എന്നിവിടങ്ങളിൽ ഒരേ സമയമാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വർക്കേഴ്സ് ഫോർ ഫലസ്തീൻ അറിയിച്ചു.
ഫ്രാൻസിലെ ലയോണിലെ മാളിൽ വിതരണം ചെയ്ത ക്രിസ്മസ് കാർഡിൽ ഗസയിലെ ഇസ്രഈലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് കുട്ടികളുടെ പേര് എഴുതിയിരുന്നു.
നിലവിൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യ അവസാനിപ്പിക്കുന്നതിൽ തങ്ങൾക്കും പങ്കുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ ഓർമപ്പെടുത്താനും അനീതിക്കെതിരെ ഒരുമിച്ച് അണിനിരക്കാനുമാണ് ഇങ്ങനെയൊരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വർക്കേഴ്സ് ഫോർ ഫലസ്തീൻ പറയുന്നു.
ലണ്ടനിലെ ഓക്സ്ഫേർഡ് സ്ട്രീറ്റിലും റീജന്റ് സ്ട്രീറ്റിലും കാർനബി സ്ട്രീറ്റിലും ഇതേദിവസം തന്നെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.
Content Highlight: Activists express solidarity with Gaza in Amsterdam shopping malls