ക്രിസ്ത്യാനികൾക്കെതിരായ വർധിച്ചുവരുന്ന പീഡനങ്ങൾക്കിടയിൽ ക്രിസ്മസ് പരിപാടികളിൽ മോദിയുടെ സാന്നിധ്യത്തെ വിമർശിച്ച് പ്രവർത്തകർ
national news
ക്രിസ്ത്യാനികൾക്കെതിരായ വർധിച്ചുവരുന്ന പീഡനങ്ങൾക്കിടയിൽ ക്രിസ്മസ് പരിപാടികളിൽ മോദിയുടെ സാന്നിധ്യത്തെ വിമർശിച്ച് പ്രവർത്തകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2024, 8:01 pm

ന്യൂദൽഹി: ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ വർധിച്ച് വരുന്നതിനിടെ ക്രിസ്മസ് പരിപാടികളിൽ മോദിയുടെ സാന്നിധ്യത്തെ വിമർശിച്ച് സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും. പ്രതിഷേധാത്മകമായി തുഷാർ ഗാന്ധി, ആനി രാജ, ഫാദർ സെഡ്രിക് പ്രകാശ്, ജോൺ ദയാൽ, ഷബ്നം ഹാഷ്മി എന്നിവരുൾപ്പെടെ 200ലധികം പ്രമുഖ വ്യക്തികൾ സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചു.

ക്രിസ്ത്യൻ സമൂഹത്തിനെതിരായ അക്രമങ്ങളുടെയും പീഡനങ്ങളുടെയും ഭയാനകമായ വർധനവിനെക്കുറിച്ച് സംയുക്ത പ്രസ്താവന ഉയർത്തിക്കാട്ടി. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

നിലവിലെ സാഹചര്യത്തിൽ മുതിർന്ന ക്രിസ്ത്യൻ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള സമീപകാല ഇടപെടലുകളെ, പ്രത്യേകിച്ച് ക്രിസ്മസ് പരിപാടികളിൽ ഉള്ള ഇടപെടലുകളെ സംയുക്ത പ്രസ്താവനയിൽ ഒപ്പിട്ടവർ ചോദ്യം ചെയ്തു. ക്രിസ്ത്യാനികളെ സംരക്ഷിക്കുന്നതിൽ സർക്കാരിൻ്റെ നിഷ്ക്രിയത്വത്തെയും അവർ ചോദ്യം ചെയ്തു.

‘ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ വർധിച്ച് വരികയാണ്. ക്രിസ്ത്യാനികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നിഷ്‌ക്രിയത്വം കാണിച്ചതിന് വിമർശിക്കപ്പെട്ട പ്രധാനമന്ത്രി മോദിയുമായി ഇടപഴകാൻ ക്രിസ്ത്യൻ വിഭാഗത്തിലെ പ്രമുഖർ മുന്നോട്ട് വരുന്നത് ആശ്ചര്യകരമാണ്. ക്രിസ്മസ് പരിപാടികളിൽ അധികാരശ്രേണിയിലെ അംഗങ്ങൾക്കൊപ്പമാണ് മോദിയെ സമീപ ദിവസങ്ങളിൽ കണ്ടത്. 2024 ഡിസംബർ 23 ന് സി.ബി.സി.ഐ ന്യൂദൽഹിയിൽ ഒരു ക്രിസ്മസ് ആഘോഷത്തിൽ അദ്ദേഹത്തെ ക്ഷണിച്ചു. ഇത് അപലപനീയമാണ്,’ പ്രസ്താവനയിൽ പറയുന്നു.

ഹിന്ദുത്വ ദേശീയതയുടെ ഫലമായി ക്രിസ്ത്യാനികൾക്കും മുസ്‌ലിങ്ങകൾക്കും നേരെയുള്ള പീഡനം സമീപ വർഷങ്ങളിൽ വർധിച്ചതായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ബജ്‌റംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ മത ദേശീയവാദ ഗ്രൂപ്പുകൾ ഒന്നിലധികം സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതായും പ്രസ്താവനയിൽ പറയുന്നു.

2021ൽ ക്രിസ്ത്യാനികൾക്കെതിരെ 327 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

 

Content Highlight: Activists Criticise Modi’s Presence in Christmas Programmes Amidst Rising Persecution of Christians