അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് കാരശ്ശേരിയും സംഘവും കക്കാടംപൊയിലില്‍ എത്തിയത്. പരിശോധനയ്ക്കിടെയാണ്ആക്രമണമുണ്ടായത്. വധഭീഷണിയടക്കം ഉയര്‍ത്തിയാണ് സംഘം ആക്രമിച്ചതെന്ന് കുസുമം ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
കക്കാടംപൊയിലില്‍ ഒരു തടയണയുണ്ട്, പിന്നെ അവിടെ ഒരു വാട്ടര്‍ തീം പാര്‍ക്ക് വരുന്നുണ്ട്. വേറെയും തടയണകള്‍ ഉണ്ടാവുന്നുണ്ട്. പിന്നെ ആ ഭാഗത്തൊക്കെ, പ്രധാനമായും കൂടരഞ്ഞി പഞ്ചായത്തില്‍ ധാരാളം പാറമടകളും ക്വാറികളുമുണ്ട്. ഇതൊക്കെയൊന്ന് സന്ദര്‍ശിക്കുക എന്നതായിരുന്നു ഞങ്ങളുടെ യാത്രയുടെ ഉദ്ദേശമെന്നാണ് യാത്രയെ കുറിച്ച് എം. എന്‍ കാരശ്ശേരി ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.
അതേതെങ്കിലും പൊളിക്കക്കുകയോ അവിടെ എന്തെങ്കിലും സമരം നടത്തുകയോ ആയിരുന്നില്ല ഞങ്ങളുടെ ലക്ഷ്യം. എന്തിനാ കാണുന്നത് എന്ന് ചോദിച്ചാല്‍ നിരന്തരം ഇതിനെക്കുറിച്ച് കേള്‍ക്കുന്നുണ്ടല്ലോ. ഒരു ഉദാഹരണം പറയാം. ആ തടയണ മൂന്നു തവണ ഹൈക്കോടതി പൊളിക്കാന്‍ പറഞ്ഞതാണ്. എന്നിട്ടും പൊളിച്ചിട്ടില്ല എന്ന് നമ്മള്‍ പത്രത്തില്‍ കാണുന്നുണ്ട്. അതിനെക്കുറിച്ച് ആളുകള്‍ പ്രസംഗിക്കുന്നു. ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ ഇതിങ്ങനെ കാണുന്നുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ പോയത് എന്നും ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
പി. വി അന്‍വര്‍ എം. എല്‍. എയുടെ കൂലിക്കാരാണ് ആക്രമണത്തിനു പിന്നിലെന്നും കാരശ്ശേരി പറഞ്ഞു.
എന്നാല്‍ നാട്ടുകാര്‍ സംഘടിച്ച് സംഘത്തെ ആക്രമിച്ചെന്നാണ് അക്രമണത്തെക്കുറിച്ച് പി. വി അന്‍വര്‍ പ്രതികരിച്ചത്. ‘അവര്‍ സംഘടിച്ച് നിങ്ങളെ ചോദ്യംചെയ്‌തെങ്കില്‍ ഞാന്‍ ഉത്തരവാദിയല്ല’ എന്നും തനിക്കോ തന്‍റെ ബന്ധുക്കള്‍ക്കോ കക്കാടംപൊയിലില്‍ പാറമടയില്ലെന്നും ആരോപണമുന്നയിക്കുന്നവര്‍ക്ക് അതു തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ രാഷ്ട്രീയ അന്തരീക്ഷം മാറിയതില്‍ അസ്വസ്ഥതയുള്ള ആളുകള്‍ എഴുതുന്ന തിരക്കഥയാണിതെന്നും അതില്‍ കാരശ്ശേരി മാഷിനെ പോലെയുള്ളവര്‍ വീണുപോയതില്‍ അത്ഭുതം തോന്നുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
അതേ സമയം സാംസ്‌കാരിക പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് 50 സി. പി. ഐ. എം പ്രവര്‍ത്തകര്‍ സി. പി. ഐയില്‍ ചേര്‍ന്നു.
ഡി. വൈ. എഫ്. ഐ വെണ്ടേക്കും പൊയില്‍ യൂണിറ്റ് സെക്രട്ടറി കെ. സി. അനീഷ് അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്.
പ്രദേശത്ത് സി. പി. ഐ. എമ്മിന്റെ മൗനാനുവാദത്തോടെ അനധികൃത നിര്‍മ്മാണങ്ങളും അക്രമങ്ങളും നടക്കുന്നുണ്ടെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ പാര്‍ട്ടി വിട്ടതെന്നും പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.