| Saturday, 27th February 2021, 5:06 pm

ഖഷോഗ്ജിയെ കൊന്ന സല്‍മാന്‍ രാജകുമാരനെ വിലക്കാന്‍ മടിക്കുന്നത് എന്തിന്?; ബൈഡനെ ചോദ്യം ചെയ്ത് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമേല്‍ ഉപരോധമേര്‍പ്പെടുത്താത്ത അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധം കനക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം നടന്നത് മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും നടപടിയെടുക്കാത്തതിലാണ് ആക്ടിവിസ്റ്റുകളും കോണ്‍ഗ്രസ് പ്രതിനിധികളും പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഖഷോഗ്ജിക്ക് നീതി ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കി.

മുഹമ്മദ് ബിന്‍ സല്‍മാനെതിരെ വാഷിംഗ്ടണ്‍ നടപടിയെടുക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ബ്ലിങ്കണ്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം.

അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞു.

പ്രസിഡന്റ് ജോ ബൈഡനാണ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗ്ജിയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്‍കിയ സല്‍മാന്‍ ഖഷോഗ്ജിയെ കൊല്ലുകയോ അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരികയോ ചെയ്യ
ണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക വിലക്കുകളോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഖഷോഗ്ജി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു.

മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി.

റിപ്പോര്‍ട്ടിനെതിരെ സൗദി രംഗത്തെത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് തെറ്റാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കില്ലെന്നുമാണ് സൗദി അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വിവരങ്ങളെ സൗദി പൂര്‍ണ്ണമായും നിഷേധിച്ചു.

ഇസ്താംബുളില്‍ വെച്ചാണ് സൗദി ഏജന്റുമാര്‍ 2018ല്‍ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സൗദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് അനുവദിച്ചിരുന്നില്ല. എന്നാല്‍ ബൈഡന്‍ അധികാരത്തിലേറിയാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു.

ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടണമെന്ന് യു. എസ് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിസമ്മതിക്കുകയായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഇന്റലിജന്‍സ് സോഴ്‌സുകളെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഖഷോഗ്ജിയുടെ കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടതിന് ശേഷമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും എന്നാല്‍ രാജ്യത്തിന്റെ നേതൃത്വത്തിന്റ അറിവില്ലാതെയാണ് കൊലപാതകം നടന്നത് എന്നും സൗദി പറഞ്ഞത്. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്ര തലത്തിലും സൗദിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സൗദി രാജകുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ചതും വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വഴി സൗദി അറേബ്യയുമായി അടുത്ത ബന്ധമായിരുന്നു നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ സൗദിയുമായി വിവിധ മേഖലകളിലുണ്ടായിരുന്ന പങ്കാളിത്തമടക്കമുള്ള വിഷയങ്ങള്‍ പുനപരിശോധിക്കുമെന്ന് ബൈഡന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സല്‍മാന്‍ അബ്ദുള്ള അസീസിനെ പ്രസിഡന്റ് ജോ ബൈഡന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു. പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് ശേഷമുള്ള ഈ ആദ്യ സംഭാഷണത്തില്‍ ഖഷോഗ്ജി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതിപാദിച്ചിരുന്നില്ലെങ്കിലും മനുഷ്യാവകാശങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Activists and lawmakers decry US failure to impose sanctions on Muhammed Bin Salman on Khashogji’s Murder 

We use cookies to give you the best possible experience. Learn more