| Friday, 8th May 2015, 12:10 pm

റിയാസ് കോമുവിന്റെ 'ഗാന്ധി' പ്രദര്‍ശനത്തിനെതിരെയുള്ള അക്രമം അവസാനിപ്പിക്കണം: സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി:”സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ കൊച്ചിയില്‍ നിന്നും ഗാന്ധി” എന്ന പേരില്‍ ചിത്രകാരനും കൊച്ചി ബിനാലെയുടെ സ്ഥാപകരിലൊരാളുമായ റിയാസ് കോമു നടത്തുന്ന പ്രദര്‍ശനത്തിനു നേരെയുണ്ടായ പ്രതിഷേധത്തിനെതിരെ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍. റിയാസ് കോമുവിന്റെ ഗാന്ധി പ്രദര്‍ശനത്തിനെതിരായ കലാ നിരക്ഷരരുടെ ഹിംസ അവസാനിപ്പിക്കണം എന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

വ്യാഴാഴ്ച്ച ചിത്ര പ്രദര്‍ശനത്തില്‍ ഗാന്ധിയെ അപമാനിക്കുന്ന വിധം ചിത്രീകരിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനയായ ജവഹര്‍ ബാലജനവേദി പ്രവര്‍ത്തകര്‍ റിയാസ് കോമുവിന്റെ പ്രദര്‍ശനം നടക്കുന്ന ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട് ഗാലറിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

“സാര്‍വദേശീയ തൊഴിലാളി ദിനത്തില്‍ കൊച്ചിയില്‍ നിന്നും ഗാന്ധി” എന്ന വിഷയത്തില്‍ ഗാന്ധിയന്‍ ആശയങ്ങളായ സത്യം, സ്വരാജ്യം, അന്ത്യോദയ, സര്‍വ്വോദയ, അഹിംസ, തുടങ്ങിയവയെ ഹിംസ, ഇര, ഭയം, നിയന്ത്രണം തുടങ്ങിയ കാഴ്ച്ചപ്പാടുകളുമായി ചേര്‍ത്തുവെച്ച് റിയാസ് കോമുവിന്റെ അഞ്ച് ചിത്രങ്ങളാണ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചത്.

അതേസമയം റിയാസ് കോമുവിന്റെ പ്രദര്‍ശനത്തിനെതിരെ അഴിച്ചുവിട്ടിരിക്കുന്ന അസഹിഷ്ണുത കേരളത്തിലെ മുഖ്യധാര, കലാ അനുഭവങ്ങളേയും ഭാഷയേയും ഒതുക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണെന്ന് കലാ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പുതിയ എന്തിനെയും സംശയിക്കുകയും മാറ്റി നിര്‍ത്തുകയും ഭയപ്പെടുകയും ചെയ്യുന്ന ഈ മനോഭാവം കേരളത്തില്‍ പ്രത്യേകിച്ചു നില നില്‍ക്കുന്ന തീവ്ര കലാനിരക്ഷരതയുടെ പ്രകാശനം കൂടി ആണെന്നും. കലാ പരിചയക്കുറവ് കാരണം അതില്‍ വരുന്ന ആവിഷ്‌കാരങ്ങള്‍ എന്തിനെ കാണിക്കുന്നു എന്ന അറിവില്ലായ്മ ആണിതെന്നും ഈ അസഹിഷ്ണുത അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.

പ്രദര്‍ശനത്തിനെതിരെ ഉണ്ടായ ഇടപെടലുകള്‍ക്കെതിരെ നിസാര്‍ അഹമ്മദ്, നജ്മല്‍ ബാബു, സക്കറിയ, ബി.ആര്‍ .പി.ഭാസ്‌കര്‍, കെ.കെ.കൊച്ച്, എം.ഗംഗാധരന്‍, കല്‍പ്പറ്റ നാരായണന്‍, ഷഹബാസ് അമന്‍ അടക്കമുള്ള കേരളത്തിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍ ചേര്‍ന്നെഴുതിയ കുറിപ്പ് ഫേസ്ബുക്കിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്

Latest Stories

We use cookies to give you the best possible experience. Learn more