തിരുവനന്തപുരം: ഇടതുമുന്നണിയുടെ തോല്‍വിയുടെ കാരണം മുസ്‌ലിം പ്രീണനമാണെന്നുള്ള, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ.വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകര്‍.
വെള്ളാപ്പള്ളിയുടെ പ്രസ്താവന വസ്തുതാവിരുദ്ധവും മതദ്വേഷം വളര്‍ത്തുന്നതും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതും, അധിക്ഷേപാര്‍ഹവുമാണെന്ന് ഇവര്‍ പറഞ്ഞു.
‘കേരളത്തില്‍, ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനത്തോളം വരുന്ന ജനവിഭാഗമാണ് മുസ്‌ലിങ്ങള്‍. സര്‍ക്കാര്‍ സര്‍വീസിലോ ഇതര സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലോ അര്‍ഹമായ പ്രാതിനിധ്യം പോലും നാളിതുവരെ മുസ്‌ലിങ്ങള്‍ക്കു ലഭ്യമായിട്ടില്ലെന്ന് വസ്തുതാപരമായി തെളിയിക്കപ്പെട്ട സംഗതിയാണ്.
എന്നിട്ടും, മാറിമാറി വന്ന എല്‍.ഡി.എഫ്-യു.ഡി.എഫ് ഭരണകൂടങ്ങളില്‍ നിന്ന് മുസ്‌ലിങ്ങള്‍ അനര്‍ഹമായി പലതും കൈപ്പറ്റുകയാണെന്ന പ്രചാരണം, വര്‍ഷങ്ങളായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഉന്നയിച്ചു പോരുന്നുണ്ട്.
മദ്രസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ കൊടുക്കുന്നു എന്ന മട്ടിലുള്ള പച്ചക്കള്ളങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഈ ആഖ്യാനം പ്രചരിപ്പിക്കുന്നത്. എല്‍.ഡി.എഫ് -യു.ഡി.എഫ് നേതൃത്വങ്ങളോ സര്‍ക്കാര്‍ പ്രതിനിധികളോ ഇത്തരം നുണപ്രചാരണങ്ങളെ ഖണ്ഡിക്കാനും വസ്തുത എന്താണെന്നു പറയാനും മിക്കപ്പോഴും തയ്യാറാകുന്നില്ല എന്നതാണ് ഈ കള്ളങ്ങള്‍ ജനമനസ്സില്‍ വേരുപിടിക്കാന്‍ ഇടയാക്കുന്നത്.
വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് പറയാന്‍ ബാധ്യതയുള്ള ഇടതുപക്ഷ സര്‍ക്കാരോ പാര്‍ട്ടിയോ നാളിതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായിട്ടുള്ളത്.
ശബരിമല പോലുള്ള ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ എടുക്കുകയാണെന്ന പച്ചക്കള്ളം, വര്‍ഷങ്ങളോളം കേരളത്തില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. വളരെ അടുത്തുമാത്രമാണ് അതു തെറ്റാണെന്നു പറയാന്‍ മുഖ്യധാരാ പാര്‍ട്ടികള്‍ തയ്യാറായത്. അപ്പോഴേക്കും അതു ഭൂരിപക്ഷം ജനങ്ങളിലും എത്തിക്കഴിഞ്ഞിരുന്നു. അവരില്‍ പലരും അതു സത്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുകയും ചെയ്യുന്നു.
അതുപോലെയാണ് ലൗ ജിഹാദ് ആരോപണവും. മുസ്‌ലിം യുവാക്കള്‍ പ്രേമം നടിച്ചു ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ വശീകരിച്ചു മതംമാറ്റുന്നു എന്ന ആരോപണമാണത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പൊലീസ് സംവിധാനങ്ങള്‍ വിശദമായി അന്വേഷിച്ച് അത്തരമൊരു സംഗതി നിലനില്‍ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇപ്പോഴും ലൗജിഹാദ് ഉണ്ടെന്നു കരുതുന്നവരാണ് ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ വലിയൊരു വിഭാഗം ജനങ്ങളും.
വെള്ളാപ്പള്ളിമാരും കാസ പോലുള്ള ക്രിസ്ത്യന്‍ വിദ്വേഷ സംഘടനകളും നിരന്തരമായി ഇപ്പോഴും അത്തരം ആരോപണം ഉന്നയിച്ചിട്ടും അതിനെയൊന്നും തിരുത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കമല്ലെന്നതു ശ്രദ്ധേയമാണ്.
അവര്‍ണ വിഭാഗങ്ങളില്‍ വെള്ളാപ്പള്ളി നടേശനല്ലാതെ ഇതര ഒ.ബി.സി നേതാക്കന്മാരോ ദളിത് നേതാക്കന്മാരോ മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിക്കണ്ടിട്ടില്ല. എന്നാല്‍, ‘മതദ്വേഷം പാടില്ല’ എന്നരുളിച്ചെയ്ത ശ്രീനാരായണഗുരുവിന്റെ അനുയായിയായ നേതാവാണ്, നിരന്തരമായി, മതദ്വേഷ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തരം ഗുരുനിന്ദ നടത്തുന്ന ആളെ തിരുത്താന്‍, ദൗര്‍ഭാഗ്യവശാല്‍, സമുദായത്തിനകത്തു നിന്നോ ഇതര ഒ.ബി.സി-ദളിത് വിഭാഗങ്ങളില്‍ നിന്നോ ഇടതു-വലതു മുന്നണികളില്‍ നിന്നോ ആരും മുന്നോട്ടുവരുന്നില്ല എന്നതു സൂചിപ്പിക്കുന്നത് ഇസ്ലാമോഫോബിയ എത്രത്തോളം ആഴത്തില്‍ കേരളത്തിന്റെ പൊതുബോധത്തില്‍ വേരോടിയിട്ടുണ്ട് എന്നതാണ്.
വാസ്തവത്തില്‍ ബി.ജെ.പിക്ക് ഈ കേരളത്തില്‍ ഇത്രയധികം വോട്ട് ലഭിക്കുന്നതിന്റെ കാരണം, വെള്ളാപ്പള്ളി നടേശന്റെയും കാസപോലുള്ള സംഘടകളുടെയും മുസ്‌ലിംവിരുദ്ധ വിദ്വേഷ പ്രചാരണവും അതിനെ മൗനംകൊണ്ട് പൊതിയുന്ന മുഖ്യധാരാ പാര്‍ട്ടികളുടെ നിലപാടും മൂലമാണ്. കേരളത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും ആഗ്രഹിക്കുന്നവര്‍ ഈ പ്രവണതയെ മുളയിലേ നുള്ളിക്കളയാന്‍ ബാധ്യസ്ഥരാണ്.
അതുകൊണ്ട് വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിംവിരുദ്ധ പ്രസ്താവനയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. പ്രസ്തുത പ്രസ്താവന പിന്‍വലിക്കാന്‍ അദ്ദേഹം തയ്യാറാകണമെന്നും അതിന് അദ്ദേഹത്തെ നിര്‍ബന്ധിക്കാന്‍ കേരളത്തിലെ ജനാധിപത്യവാദികള്‍ തയ്യാറാകണമെന്നും അഭ്യര്‍ഥിക്കുന്നു’, പ്രസ്താവനയില്‍ പി.കെ. സുധീഷ്ബാബു (മാള ശ്രീനാരായണ ഗുരുധര്‍മ ട്രസ്റ്റ്), പി.പി. രാജന്‍( ശ്രീനാരായണ സേവാസംഘം), അഡ്വ.പി ആര്‍ സുരേഷ് (അഖില കേരള എഴുത്തച്ഛന്‍ സമാജം), ആര്‍. രാജഗോപാല്‍ (എഡിറ്റര്‍-അറ്റ് ലാര്‍ജ്, ടെലഗ്രാഫ്), സി.വി.മോഹന്‍ കുമാര്‍ (ശ്രീനാരായണ ദര്‍ശനവേദി) ഫാദര്‍.ഡോ.വൈ റ്റി വിനയരാജ്, ചെറായി രാമദാസ്, ജെ. രഘു, ഡോ അജയ് ശേഖര്‍, കെ.കെ ബാബുരാജ് , സണ്ണി എം കപിക്കാട് , ഡോ. കെ എസ് മാധവന്‍, മൈത്രി പ്രസാദ് ഏലിയാമ്മ, ഡോ. എം എച്ച് ഇല്യാസ്, എ.എസ് അജിത്കുമാര്‍, പ്രഫ. ടി.ബി വിജയകുമാര്‍, സുദേഷ് എം രഘു, ഡോ.എ കെ ആദര്‍ശ, പ്രദീപ് കുളങ്ങര, വി ബി ഉണ്ണിക്കൃഷ്ണന്‍, കണ്ണന്‍ കാര്‍ത്തികേയന്‍, എം.പി പ്രശാന്ത്, ബാബുരാജ് ഭഗവതി, സി. എസ് മുരളി, ഡോ. ഒ.കെ സന്തോഷ്, ഡോ. എ കെ വാസു, ഡോ. ടി.എസ് ശ്യാംകുമാര്‍, തുടങ്ങിയവര്‍ ഒപ്പുവെച്ചു.
Content Highlight: Activists against Vellappally comment against Muslims