മഹാരാഷ്ട്ര: സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തിയ സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയെ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യമാണെന്നും സ്ത്രീകളുടെ ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്ന് ശിവ ഭഗവാനോട് പ്രാര്‍ത്ഥിച്ചതായും ദേശായി പറഞ്ഞു.
ദേശായിയെ അറസ്റ്റ് ചെയ്തതിനെതിരെ നാസിക്കില്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു. ത്രയംബകേശ്വര്‍ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതിന് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള ഭൂമാതാ ബ്രിഗേഡ് പ്രവര്‍ത്തകരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയില്‍ മഹാരാഷ്ട്രയിലെ തന്നെ അഹമ്മദ് നഗറിലുള്ള ശനി ഷിന്‍ഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള ഭൂമാതാ ബ്രിഗേഡിന്റെ ശ്രമം പോലീസ് തടഞ്ഞിരുന്നു.
സ്ത്രീകളെയും പുരുഷന്‍മാരെയും ഒരുപോലെ പരിഗണിക്കുന്ന ഭരണഘടന നിലവിലുള്ള രാജ്യത്ത് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്നത് ശരിയായ നടപടിയല്ലെന്ന് കാട്ടിയാണ് ഭൂമാതാ ബ്രിഗേഡ് സമരം സംഘടിപ്പിച്ചത്. സമരം രാജ്യത്തെ മറ്റു ക്ഷേത്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സംഘടന പറഞ്ഞിരുന്നു.