| Thursday, 12th May 2016, 8:00 am

വിലക്ക് ലംഘിച്ച് തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍: മഖ്ബറയ്ക്കുള്ളിലേക്കു പ്രവേശിപ്പിച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ:  സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച മുംബൈയിലെ മുസ്‌ലിം ദേവാലയമായ ഹാജി അലി ദര്‍ഗയില്‍ വിലക്ക് ലംഘിച്ച് ഭൂമാതാ രണ്‍രാഗിനി ബ്രിഗേഡ് മേധാവി തൃപ്തി ദേശായി പ്രവേശിച്ചു. ഇന്നു രാവിലെയായിരുന്നു ഹാലി അലി ദര്‍ഗയിലേക്ക് തൃപ്തി ദേശായി എത്തിയത്.

കനത്ത സുരക്ഷയിലായിരുന്നു തൃപ്തിയുടെ ദര്‍ഗയിലെ സന്ദര്‍ശനം. നേരത്തെ ശനി ശിംഘ്‌നാപുര്‍ ക്ഷധേത്രത്തിലും ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും ഇവര്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ഏകോപിപ്പിക്കാനായി വിവിധ സംഘടനകള്‍ ചേര്‍ന്ന് ഹാജി അലി സബ്‌കേ ലിയേ എന്ന കൂട്ടായ്മ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 28 ന് ദര്‍ഗയില്‍ പ്രവേശിക്കാന്‍ തൃപ്തി എത്തിയിരുന്നെങ്കിലും ഇവരെ തടയുകയായിരുന്നു.

സ്ത്രീകളെ ദര്‍ഗയില്‍ പ്രവേശിപ്പിക്കണമെന്ന് പ്രാര്‍ത്ഥിച്ചതായി സന്ദര്‍ശനശേഷം തൃപ്തി  മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് തങ്ങളോട് സഹകരിച്ചു. ഇത് ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഒരു ഭാഗമാണ്.

തൃപ്തി ദേശായി മഖ്ബറക്ക് സന്ദര്‍ശിച്ചില്ലെന്നും ദര്‍ഗയുടെ കോമ്പൗണ്ടില്‍ നിന്നും മഖ്ബറയുടെ ഗേറ്റ് വരെ മാത്രമേ അവര്‍ എത്തിയുള്ളൂവെന്ന് ഹാലി അലി ട്രസ്റ്റ് വ്യക്തമാക്കി. ഇവിടം വരെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ അടുത്ത തവണ മഖ്ബറയ്ക്കുള്ളിലേക്കു കടക്കുമെന്ന് തൃപ്തി ദേശായി  പറഞ്ഞു. ആറ് നൂറ്റാണ്ട് പഴക്കമുള്ള ഹാജി അലി ദര്‍ഗയില്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ് പ്രവേശനം നിഷേധിച്ചത്.

We use cookies to give you the best possible experience. Learn more