| Thursday, 10th December 2020, 6:23 pm

ഡ്രസ് കോഡിനെതിരെ പ്രതിഷേധം; ഷിര്‍ദി സായി ബാബ ക്ഷേത്രത്തിലേക്കെത്തിയ തൃപ്തി ദേശായി പൊലീസ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആക്ടിവിസ്റ്റ് തൃപ്തി ദേശായിയെ ഷിര്‍ദി സായി ബാബ ക്ഷേത്രത്തിലേക്കുള്ള യാത്രമധ്യേ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ച വസ്ത്രധാരണത്തെക്കുറിച്ചുള്ള ബോര്‍ഡിനെതിരായ പ്രതിഷേധത്തിനാണ് തൃപ്തി എത്തിയത്.

ക്ഷേത്രത്തിലെത്തുന്നവര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിക്കുന്ന മാന്യമായ വസ്ത്രം ധരിക്കണമെന്ന് അധികൃതര്‍ ബോര്‍ഡ് വെച്ചിരുന്നു. എന്നാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം താന്‍ നേരിട്ടെത്തി ബോര്‍ഡ് എടുത്തുമാറ്റുമെന്നും തൃപ്തി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ തൃപ്തിയ്ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. മേഖലയിലെ ക്രമസമാധാന നില കണക്കിലെടുത്താണ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തൃപ്തിക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.

ഡിസംബര്‍ പതിനൊന്ന് വരെ തൃപ്തിക്ക് ഷിര്‍ദി മുന്‍സിപ്പല്‍ പരിധിക്കുള്ളില്‍ പ്രവേശിക്കാനാകില്ലെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഗോവിന്ദ് ഷിണ്ഡെ ഉത്തരവിട്ടിരുന്നു. ക്ഷേത്രത്തിലെ വസ്ത്രധാരണ നിര്‍ദേശങ്ങള്‍ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു തൃപ്തി പ്രതികരിച്ചത്.

പൂജാരിമാര്‍ പാതി നഗ്‌നരായി നില്‍ക്കുന്നതില്‍ ഭക്തര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. അതുപോലെ ഭക്തര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഡ്രസ് കോഡ് ഏര്‍പ്പെടുത്തരുതെന്നും ഭക്തനെയോ ഭക്തയെയോ അവര്‍ ധരിക്കുന്ന വസ്ത്രം നോക്കി അളക്കരുതെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.

ഇതിനൊപ്പമാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഡിസംബര്‍ പത്തിന് നേരിട്ടെത്തി നീക്കം ചെയ്യുമെന്ന് വ്യക്തമാക്കിയത്. പിന്നാലെയാണ് പ്രവേശന വിലക്കെത്തിയിരിക്കുന്നത്. അതേസമയം ഭക്തര്‍ക്ക് യാതൊരു വിധ ഡ്രസ് കോഡും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ക്ഷേത്രം അധികാരികളുടെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Activist Trupti Desai detained on way to Shirdi Sai Baba temple

We use cookies to give you the best possible experience. Learn more