| Saturday, 1st July 2023, 10:44 pm

ടീസ്തക്ക് അറസ്റ്റില്‍ നിന്ന് സുപ്രീം കോടതിയുടെ സംരക്ഷണം; ഗുജറാത്ത് ഹൈക്കോടതിക്ക് രൂക്ഷ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നാരോപിച്ച കേസില്‍ ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന് ഒരാഴ്ച അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കി സുപ്രീം കോടതി.

ശനിയാഴ്ച രാത്രി നടന്ന പ്രത്യേക സിറ്റിങ്ങിലാണ് സുപ്രീം കോടതി ടീസ്തയുടെ ഹരജി പരിഗണിച്ചത്. ടീസ്തയുടെ ഹരജി റെഗുലര്‍ ബെഞ്ച് പരിഗണിക്കാനും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.

ഒരാഴ്ച പോലും ഇടക്കാല സംരക്ഷണം അനുവദിക്കാത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ നടപടി തെറ്റായിപ്പോയി. ഉടന്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജാമ്യം നിഷേധിച്ചാല്‍ മുകള്‍ കോടതിയില്‍ സമീപിക്കാന്‍ കുറ്റാരോപിതക്ക് അവകാശമുണ്ട്. എന്നാല്‍ ഇത് നിഷേധിച്ച ഹൈക്കോടതി നടപടി അത്ഭുതകരമാണെന്നും സുപ്രീം കോടതി വിലയിരുത്തി.

നിലവിലെ സാഹചര്യത്തില്‍ ടീസ്ത കീഴടങ്ങുന്നതിന് എന്താണിത്ര ധൃതിയെന്നും എട്ട് ദിവസം കൂടി സമയം അനുവദിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, കീഴടങ്ങാന്‍ സമയം വേണമെന്നായിരുന്നു ടീസ്തയുടെ ഹരജിയിലെ ആവശ്യം. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്.ഐ.ടി നടപടിക്കെതിരായ ഹരജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ 2022 ജൂണ്‍ 25നാണ് ടീസ്ത സെതല്‍വാദിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജയിലിലായിരുന്ന ടീസ്തയ്ക്ക് സെപ്തംബറില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് ജയില്‍ മോചിതയായത്.

Content Highlight: Activist Teesta Setalvad has been protected by the Supreme Court from arrest for a week

We use cookies to give you the best possible experience. Learn more