ന്യൂദല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെന്നാരോപിച്ച കേസില്‍ ആക്ടിവിസ്റ്റ് ടീസ്ത സെതല്‍വാദിന് ഒരാഴ്ച അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കി സുപ്രീം കോടതി.
ശനിയാഴ്ച രാത്രി നടന്ന പ്രത്യേക സിറ്റിങ്ങിലാണ് സുപ്രീം കോടതി ടീസ്തയുടെ ഹരജി പരിഗണിച്ചത്. ടീസ്തയുടെ ഹരജി റെഗുലര്‍ ബെഞ്ച് പരിഗണിക്കാനും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ടീസ്ത സെതല്‍വാദിന്റെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു.
ഒരാഴ്ച പോലും ഇടക്കാല സംരക്ഷണം അനുവദിക്കാത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ നടപടി തെറ്റായിപ്പോയി. ഉടന്‍ കീഴടങ്ങണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ജാമ്യം നിഷേധിച്ചാല്‍ മുകള്‍ കോടതിയില്‍ സമീപിക്കാന്‍ കുറ്റാരോപിതക്ക് അവകാശമുണ്ട്. എന്നാല്‍ ഇത് നിഷേധിച്ച ഹൈക്കോടതി നടപടി അത്ഭുതകരമാണെന്നും സുപ്രീം കോടതി വിലയിരുത്തി.