| Saturday, 25th June 2022, 5:57 pm

ടീസ്ത സെതല്‍വാദ് കസ്റ്റഡിയില്‍; അറസ്റ്റ് അമിത്ഷായുടെ അഭിമുഖത്തിന് പിന്നാലെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദ് കസ്റ്റഡിയില്‍. മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ നിന്ന് ഗുജറാത്ത് പൊലീസാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ സാന്തക്രൂസ്ത പൊലീസ് സ്‌റ്റേനിലേക്കാണ് നിലവില്‍ ഇവരെ കൊണ്ടു പോയിരിക്കുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യാജരേഖകള്‍ ചമച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ടീസ്ത ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി scroll.in റിപ്പോര്‍ട്ട് ചെയ്തു.

2002ല്‍ നടന്ന ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പൊലീസിന് ടീസ്ത നല്‍കിയെന്ന് മണിക്കൂറുകള്‍ക്ക് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗുജറാത്ത് വംശഹത്യകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ ഏജന്‍സിയാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി.

നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം സാക്കിയ ജാഫ്രി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് ഹരജി നല്‍കിയ സാക്കിയ ജാഫ്രി.

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.

2002ല്‍ അഹമ്മദാബാദില്‍ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു. കലാപത്തില്‍ 790 മുസ്‌ലിങ്ങളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും, 2,500 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.

Content Highlight: Activist Teesta setalvad arrested

We use cookies to give you the best possible experience. Learn more