തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുസ്‌ലിം പ്രീണന പരാമർശത്തിനെതിരെ വിമർശനവുമായി ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുദേഷ്. എം. രഘു. വെള്ളാപ്പളി നടേശനെ പോലെയുള്ള, മുസ്‌ലിം പ്രീണനം ആരോപിക്കുന്ന എല്ലാ ആളുകൾക്കും വേണ്ടിയുള്ള കുറിപ്പാണിതെന്ന് സുദേഷ്. എം. രഘു പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ തോൽവിക്ക് കാരണം മുസ്‌ലിം പ്രീണനമാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. ഇതിനെതിരെ നിരവധി എഴുത്തുകാരും സാമൂഹികപ്രവർത്തകരും രംഗത്തു വന്നിരുന്നു. വെള്ളാപ്പള്ളിയുടെ നിലപാട് വസ്തുതാവിരുദ്ധവും മതദ്വേഷം മതദ്വേഷം വളർത്തുന്നതും കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്നതും അധിക്ഷേപാർഹവുമാണെന്ന് അവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ബി.ജെ.പി പോലെയുള്ള രാഷ്ട്രീയ പാർട്ടികൾ എക്കാലത്തും ഉയർത്തുന്ന ആരോപണമാണ് മുസ്‌ലിം പ്രീണനം. മുസ്‌ലിങ്ങൾ അനർഹമായി പലതും കൈപ്പറ്റുന്നുവെന്ന ആരോപണം അവർ എല്ലാ കാലത്തും ഉന്നയിക്കുന്നുണ്ട്. വസ്തുതാ വിരുദ്ധമായ ഈ പരാമർശങ്ങൾക്കെതിരെയുള്ള മറുപടിയാണ് പോസ്റ്റ്.
വെള്ളാപ്പള്ളി ഉൾപ്പടെ ഉള്ളവർക്കു വേണ്ടി, ഇന്ത്യയിലെ ചില കൊടും മുസ്‌ലിം പ്രീണനങ്ങളെപ്പറ്റി പറയാം. എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. വസ്തുതകൾ അക്കമിട്ട് നിരത്തിയാണ് സുദേഷ്. എം. രഘു കാര്യങ്ങൾ വിശദീകരിക്കുന്നത്.
‘പതിനൊന്നു സംസ്ഥാനങ്ങളിൽ ഒരു മുസ്‌ലിം മന്ത്രി വീതം ആണുള്ളത്. ബിജെപി സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കൂടി എടുത്താൽ 151 മന്ത്രിമാരിൽ ഒരാളാണ് മുസ്‌ലിം. യുപിയിൽ ആണത്. കോൺഗ്രസ്, ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും യുപിയിലും മത്സരിപ്പിച്ചത് പൂജ്യം മുസ്‌ലിം സ്ഥാനാർഥികളെ ആണ്. ബംഗാളിൽ മാത്രമാണ് ജനസംഖ്യാനുപാതികമായി മുസ്‌ലിം മന്ത്രിമാരുള്ളത്,’ സുദേഷ്. എം. രഘു പറയുന്നു.
കേരളത്തിൽ ഒരു സ്പീക്കറും രണ്ടു മന്ത്രിമാരുമാണ് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളതെന്നും മറ്റ് 15 സംസ്ഥാനങ്ങളിൽ ഒരൊറ്റ മുസ്‌ലിം മന്ത്രി പോലും ഇല്ലെന്നും ഗുജറാത്തിലൊക്കെ കാൽ നൂറ്റാണ്ടിൽ കൂടുതലായി മുസ്‌ലിം മാത്രിമാരുടെ എണ്ണം പൂജ്യം ആണെന്നും സുദേഷ് പറയുന്നു. ഇപ്പോഴത്തെ കേന്ദ്രസർക്കാരിൽ മുസ്‌ലിം പ്രതിനിത്യം പൂജ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം,
വെള്ളാപ്പള്ളി ഉൾപ്പടെ ഉള്ളവർക്കു വേണ്ടി, ഇന്ത്യയിലെ ചില കൊടും മുസ്‌ലിം പ്രീണനങ്ങളെപ്പറ്റി പറയാം.
1. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ ഒരൊറ്റ മുസ്‌ലിം മന്ത്രി പോലും ഇല്ല. ഗുജറാത്തിലൊക്കെ കാൽ നൂറ്റാണ്ടിൽ കൂടുതലായി പൂജ്യം മുസ്‌ലിം മന്ത്രി ആണ്.
2. പിന്നെയുള്ള പതിനൊന്നു സംസ്ഥാനങ്ങളിൽ ഒരു മുസ്‌ലിം മന്ത്രി വീതം ആണുള്ളത്. ബിജെപി സർക്കാരുകൾ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും കൂടി എടുത്താൽ 151 മന്ത്രിമാരിൽ ഒരാളാണു മുസ്‌ലിം. യുപിയിൽ ആണത്.
3.ഭയങ്കര മുസ്‌ലിം പ്രീണനക്കാർ എന്ന് ആരോപിക്കപ്പെടുന്ന കോൺഗ്രസ്, ഇക്കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലും യുപിയിലും മത്സരിപ്പിച്ചത് പൂജ്യം മുസ്‌ലിം സ്ഥാനാർഥികളെ ആണ്.
4.ബംഗാളിൽ മാത്രമാണ് ജനസംഖ്യാനുപാതികമായി മുസ്‌ലിം മന്ത്രിമാരുള്ളത്; ഏഴു പേർ. ഉദ്ധവ് ഠാക്കറേ, മഹാരാഷ്ട്രയിൽ 4 മുസ്‌ലിം മന്ത്രിമാരെ നിയമിച്ചുവെങ്കിലും സർക്കാർ മാറിയപ്പോൾ ഒന്നേയുള്ളൂ. സ്റ്റാലിന്റെ തമിഴ്നാട്ടിൽ മുസ്‌ലിം ജനസംഖ്യ ഏഴു ശതമാനം ആണ്. പക്ഷേ ആറു മുസ്‌ലിം എം.എൽ.എ മാരേ ഉള്ളൂ( ഈയിടെ സ്റ്റാലിൻ 2 പേരെ മന്ത്രിസഭയിലെടുത്തുവെന്നു ന്യൂസ് കണ്ടു..)
5.കേരളത്തിൽ ഒരു സ്പീക്കറും രണ്ടു മന്ത്രിമാരുമാണ് മുസ്‌ലിം സമുദായത്തിൽ നിന്നുള്ളത്.ഇതിൽ അബ്ദു റഹ്മാൻ എന്ന മന്ത്രിയൊക്കെ ഏതു വകുപ്പാണോ ആവോ..(പക്ഷേ ഈ രണ്ടു മന്ത്രി പദവി – വിശേഷിച്ച് റിയാസിന്റേത് കൊടും പ്രീണനമായിട്ടാണു മുസ്‌ലിം വിരോധികൾ കാണുന്നത് )
6.ഇപ്പോഴത്തെ കേന്ദ്ര സർക്കാർ എടുത്താൽ, സിഖ്, ബുദ്ധ വിഭാഗക്കാർക്ക് രണ്ടും ക്രിസ്ത്യൻ ഒന്നും മന്ത്രിമാർ ഉണ്ട്. മുസ്‌ലിം പൂജ്യം.
7.വേറൊരു കോമടി കൂടി പറഞ്ഞു തരാം. ഇന്നലെ സംഘി മുരളീധരൻ കോൺഗ്രസിനെ മുസ്‌ലിം പ്രാതിനിധ്യം ഇല്ലാത്തതിന്റെ പേരിൽ വിമർശിച്ചിരുന്നു. അയാൾ പറഞ്ഞ കണക്കുകൾ സത്യമാണു താനും. 300ലധികം സീറ്റിൽ മത്സരിച്ച കോൺഗ്രസ് 19 മുസ്‌ലിങ്ങളെയാണു നിർത്തിയത്. ജയിച്ചത് ഏഴു പേരും.. മഹാരാഷ്ട്ര, യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ പൂജ്യം മുസ്‌ലിമിനെയല്ലേ കോൺഗ്രസ് നിർത്തിയതെന്ന് അയാൾ ചോദിച്ചതും സത്യമാണ്!
8.ഇന്ത്യയിൽ കാര്യമായ അധികാരമോ അധികാര സ്ഥാനങ്ങളോ, ഒരു പാർട്ടി ഭരിച്ചപ്പോഴും മുസ്‌ലിംകൾക്കു കിട്ടിയിട്ടില്ല. കണക്കുകൾ പ്രകാരം മുസ്‌ലിം പ്രീണനം ഒരു പച്ചക്കള്ളം ആണെന്ന് ആ വാദം ഇറക്കുന്ന സംഘികൾക്കു വരെ അറിയാം (മുരളീധരന് എന്തായാലും അറിയാം!).
Content Highlight: Activist Sudesh. m. raghu talk about the anti muslim statement of political leaders