താരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനൈ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര. കേരളത്തില്‍ യു.പി. മോഡല്‍ പൊലീസ് സംവിധാനം വേണമെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ശക്തമായ പൊലീസ് സംവിധാനം ആവശ്യമുണ്ടെന്നുമുള്ള സുരേന്ദ്രന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സംവാദത്തിന് വെല്ലുവിളിക്കുന്നത്.
ഏത് ഉത്തര്‍പ്രദേശിനെ കുറിച്ചാണ് കെ. സുരേന്ദ്രാ താങ്കളീ പറയുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ശ്രീജ ചോദിച്ചു. ഹത്രാസ് ബലാത്സംഗ കേസ് അടക്കമുള്ള സംഭവങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു ശ്രീജയുടെ പ്രതികരണം.
ബി.ജെ.പി എം.എല്‍.എയുടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ ചീഫ് ജസ്റ്റിന് കത്തെഴുതേണ്ട സാഹചര്യം നിലനില്‍ക്കുന്ന യു.പിയെയാണല്ലേ സുരേന്ദ്രാ കേരളം മാതൃകയാക്കേണ്ടതെന്നും ശ്രീജ പറഞ്ഞു.
അതേസമയം, ആലുവയില്‍ ബലാത്സംഗത്തിനിരയായ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു യു.പി. മോഡല്‍ നടപ്പിലാക്കി കേരളത്തിലെ ക്രമസമാധാനവും സ്ത്രീ സുരക്ഷയും സംരക്ഷിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്.
ശ്രീജ നെയ്യാറ്റിന്‍കരയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
ആര്‍ജവമുണ്ടോ കെ. സുരേന്ദ്രന് ഒരു പരസ്യ സംവാദത്തിന്.
സംസ്ഥാനത്ത് യു.പി മോഡല്‍ പൊലീസ് സംവിധാനം വേണമെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഉത്തര്‍പ്രദേശ് മാതൃകയില്‍ ശക്തമായ പൊലീസ് സംവിധാനം ആവശ്യമുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഏത് ഉത്തര്‍പ്രദേശിനെ കുറിച്ചാണ് കെ.സുരേന്ദ്രാ താങ്കളീ പറയുന്നത്.
17 വയസുള്ള പെണ്‍കുട്ടിയെ അഥവാ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തത് തന്റെ പാര്‍ട്ടിയുടെ അഥവാ യു.പി ഭരിക്കുന്ന പാര്‍ട്ടിയായ ബി.ജെ.പിയുടെ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറല്ലേ സുരേന്ദ്രാ. ആ ‘സ്ത്രീസുരക്ഷ’കേരളത്തില്‍ മാതൃകയാക്കണമെന്നാണോ സുരേന്ദ്രാ താങ്കളീ പറയുന്നത്?
ബി.ജെ.പി എം.എല്‍.എ ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടി യാത്ര ചെയ്യുമ്പോള്‍ അവളെ ട്രക്കിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും അവള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന രണ്ട് അമ്മായിമാരെ കൊന്നുകളയുകയും(ഇതിലൊരാള്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയ സ്ത്രീയാണ്) ചെയ്യുന്ന യു.പി മോഡല്‍ ‘സ്ത്രീസുരക്ഷ’യാണോ സുരേന്ദ്രാ താങ്കള്‍ കേരളത്തില്‍ വേണമെന്ന് പറയുന്നത്?
ബി.ജെ.പി എം.എല്‍.എയുടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയുടെ ചീഫ് ജസ്റ്റിന് കത്തെഴുതേണ്ട സാഹചര്യം നിലനില്‍ക്കുന്ന യു.പിയെയാണല്ലേ സുരേന്ദ്രാ കേരളം മാതൃകയാക്കേണ്ടത്?
‘എന്റെ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ ഒരു കേസ് കണ്ടിട്ടില്ല’. എന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞത് ഉത്തര്‍ പ്രദേശിലെ എം.എല്‍.എ നടത്തിയ ബലാത്സംഗത്തെ കുറിച്ചാണ്. ആ ഉത്തര്‍ പ്രദേശിനെയാണല്ലേ സുരേന്ദ്രാ കേരളം മാതൃകയാക്കേണ്ടത്?
നിയമം പ്രതിയുടെ കൈപ്പിടിയിലാണെന്ന് അലഹാബാദ് ഹൈക്കോടതിക്ക് പോലും പറയേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുന്ന ഒരു സംസ്ഥാനത്തെയാണോ സുരേന്ദ്രാ കേരളം മാതൃകയാക്കേണ്ടത്?
ബലാത്സംഗക്കേസിലെ പ്രതിയായ ബി.ജെ.പി എം.എല്‍.എയുടെ സഹോദരനും ഗുണ്ടകളും ചേര്‍ന്ന് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നത് കണ്ടതായി സാക്ഷിപറയാന്‍ ധൈര്യപ്പെട്ട യൂനസ് എന്ന
മനുഷ്യനെ കൊന്നുകളഞ്ഞിട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈകാതെ മരിച്ചെന്നും പൊലീസ് വിശദീകരണം നല്‍കുന്ന സംസ്ഥാനത്തെയാണോ സുരേന്ദ്രാ കേരളം മാതൃകയാക്കേണ്ടത്?
ഹത്രാസില്‍ ദളിത് യുവതി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം അസാധാരണവും വിചിത്രവും ഞെട്ടിപ്പിക്കുന്നതാണെന്നും സുപ്രീം കോടതി പറഞ്ഞ ഉത്തര്‍ പ്രദേശിലെ ‘സ്ത്രീ സുരക്ഷ’യെയാണല്ലേ സുരേന്ദ്രാ കേരളം മാതൃകയാക്കേണ്ടത്?
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ തിടുക്കപ്പെട്ട് ദഹിപ്പിച്ച് തെളിവ് നശിപ്പിക്കുന്ന യു.പി പൊലീസിനെയാണല്ലേ സുരേന്ദ്രാ കേരള പൊലീസ് മാതൃകയാക്കേണ്ടത്?
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുന്ന രാഷ്ട്രീയ നേതാക്കളെ തടയുകയും മാധ്യമ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോയി യു.എ.പി.എ ചാര്‍ത്തി ജയിലിലിടുകയും ചെയ്യുന്ന യു.പിയിലെ പൊലീസ് ഭീകരതയെയാണല്ലേ സുരേന്ദ്രാ കേരളം മാതൃകയാക്കേണ്ടത്?
മുസ്‌ലിം സ്ത്രീകളെ ഖബറില്‍ നിന്നെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്ത യോഗി ആദിത്യനാഥ് എന്ന ആര്‍.എസ്.എസുകാരന്‍ ഭരിക്കുന്ന സംസ്ഥാനത്ത് ‘സ്ത്രീ സുരക്ഷ’യുടെ ആയിരം ഉദാഹരണങ്ങള്‍ വേറെയുണ്ട്. ഞാന്‍ ഓരോന്നോരോന്നായി നിരത്തി വയ്ക്കാം താങ്കള്‍ക്ക് മുന്നില്‍. ആര്‍ജവമുണ്ടോ സുരേന്ദ്രാ ഒരു പരസ്യ സംവാദത്തിന്.
Content Highlight: Activist Sreeja Neiyatinkara challenges BJP state president K. Surendran to debate