ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്തുന്നത് എന്തുതരം നീതിയാണ്; നിയമപോരാട്ടത്തിന് സാകേത് ഗോഖലെ
national news
ഹാത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്തുന്നത് എന്തുതരം നീതിയാണ്; നിയമപോരാട്ടത്തിന് സാകേത് ഗോഖലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd October 2020, 2:11 pm

ലഖ്‌നൗ: ഹാത്രാസില്‍ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയായി ദളിത് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധന നടത്തണമെന്ന നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത് ആക്ടവിസ്റ്റ് സാകേത് ഗോഖലെ.

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണപരിശോധന നടത്തണമെന്ന ആവശ്യത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് സാകേത് ഗോഖലെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത് സ്വാഭാവിക നീതിയുടെ എല്ലാ തത്വങ്ങള്‍ക്കും വിരുദ്ധമാണ്, കാരണം അവര്‍ കേസില്‍ കുറ്റാരോപിതരാകുകയോ അവര്‍ക്കെതിരെ എന്തെങ്കിലും കുറ്റത്തിന് കേസെടുക്കുകയോ ചെയ്തിട്ടില്ല. ഇരയുടെ കുടുംബത്തെ ചോദ്യം ചെയ്യുന്ന രീതി ബലപ്രയോഗത്തിന്റെ നഗ്‌ന രൂപമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹാത്രാസില്‍ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കേസ് തെറ്റായി കൈകാര്യം ചെയ്തുവെന്നാരോപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാത്രാസ് ജില്ലാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്ക് പോളിഗ്രാഫിക്, നാര്‍കോ പരിശോധന നടത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനിടെയാണ് കേസില്‍ ഉള്‍പ്പെട്ടവരേയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസുകാരേയും നുണപരിശോധനയ്ക്ക് വിധേയരാക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും നുണപരിശോധന നടത്തണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Activist Saket Gokhale has moved the Allahabad High Court in a letter petition against the proposed narco analysis test to be conducted on the family of the victim of the horrific Hathras incident.