ന്യൂദല്‍ഹി: സിഗരറ്റ് വലിക്കുന്ന ‘കാളി’യുടെ പോസ്റ്റര്‍ പങ്കുവെച്ച സംഭവത്തില്‍ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍. ലീന മണിമേഖല മനപ്പൂര്‍വ്വം ഹിന്ദു ദേവതയായ കാളിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും, മതവികാരത്തെ വ്രണപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ എ.എന്‍.ഐയോട് പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
സെന്‍സിറ്റിവിറ്റിയില്‍ നിന്നും ഉത്തരവാദിത്തത്തില്‍ നിന്നുമാണ് സ്വാതന്ത്ര്യം ഉണ്ടാകുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ലീന ഹിന്ദു വിഭാഗത്തിനെതിരെ വിദ്വേഷകരമായ പോസ്റ്റര്‍ പുറത്തിറക്കിയെന്നും ഇത് മനപ്പൂര്‍വം ചെയ്ത പ്രവൃത്തിയാണെന്നും രാഹുല്‍ പ്രതികരിച്ചു.
‘അതൊരു വിദ്വേഷ പോസ്റ്ററാണ്. ഈ പോസ്റ്റര്‍ ഹിന്ദു വിഭാഗത്തിനെതിരെയുള്ള വിദ്വേഷമാണ്. ഞങ്ങളുടെ ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലീന മണിമേഖല പോസ്റ്ററില്‍ ചെയ്തിരിക്കുന്നത്.
സെന്‍സിറ്റിവിറ്റിയോടു കൂടി തന്നെയാണ് സ്വാതന്ത്ര്യം ലഭിക്കുന്നത്. ഉത്തരവാദിത്തത്തിലൂടെയും സ്വാതന്ത്ര്യം നേടാനാകും. ഉത്തരവാദിത്തമോ, ബഹുമാനമോ ഇല്ലാതെ ഈ ലോകത്ത് ജീവിക്കാന്‍ കഴിയുമോ? സെന്‍സിറ്റീവാകാതെ ജീവിക്കാന്‍ കഴിയുമോ?
കാളി പോസ്റ്ററുമായി ബന്ധപ്പെട്ട് സംഭവിച്ചത് ലീന മണിമേഖല ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ്. ഇത് മനപ്പൂര്‍വം ചെയ്ത പ്രവര്‍ത്തി തന്നെയാണ്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
അതേസമയം ടൊറന്റോയിലെ അഗാ ഘാന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച കാളിയുടെ പോസ്റ്റര്‍ നീക്കം ചെയ്യണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ‘അണ്ടര്‍ ദ് ടെന്റ്’ പദ്ധതിയുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.
പോസ്റ്റര്‍ ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലീനയ്‌ക്കെതിരെ വിവാദം ശക്തമാകുന്നത്. പോസ്റ്റര്‍ ഹിന്ദു ദേവതയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ലീനയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലും ലീനയ്‌ക്കെതിരെ ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം തുടരുകയാണ്. ഇതിനിടെയാണ് പോസ്റ്റര്‍ നീക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയുടെ ആശങ്ക കോണ്‍സുലേറ്റ് ജനറല്‍ പരിപാടിയുടെ സംഘാടകരുമായി പങ്കുവെച്ചിട്ടുണ്ടെന്ന് കനേഡിയന്‍ അധികാരികള്‍ വ്യക്തമാക്കി.
ടൊറന്റോയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജയായ ലീനാ മണിമേഖല സംവിധാനം ചെയ്ത കാളി എന്ന ഡോക്യൂമെന്ററിയുടെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. പോസ്റ്ററില്‍ ഹിന്ദു ദേവതയായ കാളിയുടെ വസ്ത്രം ധരിച്ച് സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവരുടെ കയ്യില്‍ എല്‍.ജി.ബി.ടി.ക്യൂ പ്ലസ് വിഭാഗത്തിന്റെ പതാകയും, ത്രിശൂലവും, അരിവാളും കാണാം.
വിവാദപരമായ പോസ്റ്റര്‍ പങ്കുവെച്ചതിനും ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിനും ലീനയെ അറസ്റ്റ് ചെയ്യണമെന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. #arrestleenamanimekala എന്ന ഹാഷ്ടാഗില്‍ ഹിന്ദുത്വ സംഘടനകളുടെ കീഴില്‍ ലീനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ക്യാമ്പെയിനും നടക്കുന്നുണ്ട്.
Content Highlight: Activist Rahul eashwar reacts to kaali poster row