ന്യൂദല്‍ഹി: പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യത്തിന് ശേഷം പൗരത്വ സമര പോരാളി നതാഷ നര്‍വാള് വീണ്ടും ജയിലിലേക്ക് മടങ്ങി. മുഷ്ടി ചുരുട്ടി ജയിലിലേക്ക് തിരിച്ച് പോകുന്നത് നതാഷയുടെ ചിത്രം ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായട്ടുണ്ട്. നിവധി പേരാണ് ഈ ചിത്രം ഷെയര്‍ ചെയ്തത്.
വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന പിഞ്ച്ര തോഡ് പ്രവര്‍ത്തക നതാഷ നര്‍വാളിനു കഴിഞ്ഞ മെയ് 10നാണ്
ദല്‍ഹി ഹൈക്കോടതി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
നതാഷ നര്‍വാളിന്റെ പിതാവ് മഹാവീര്‍ നര്‍വാള്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്നായിരുന്നു ദല്‍ഹി ഹൈക്കോടതി മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലുണ്ടായ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ജെ.എന്‍.യു വിദ്യാര്‍ഥിയും പിഞ്ച്ര തോഡ് പ്രവര്‍ത്തകയുമായ നടാഷയെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ തിഹാര്‍ ജയിലിലാണ് നതാഷ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് പിന്നാലെ, ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലാക്കപ്പെട്ട നിരവധി വിദ്യാര്‍ഥി നേതാക്കളില്‍ ഒരാളാണ് നതാഷ.