ന്യൂദല്‍ഹി: സാമൂഹിക പ്രവര്‍ത്തകയും നര്‍മ്മദ ബച്ചാവോ ആന്തോളന്‍ നേതാവുമായ മേധാപട്കര്‍ക്ക് മുംബൈ റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസി( ആര്‍.പി.ഒ)ല്‍ നിന്ന് നോട്ടീസ് അയച്ചു.
യാത്രാ രേഖ ലഭിക്കുമ്പോള്‍ തനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാരോപിച്ചാണ് മേധാ പട്കറിന് നോട്ടീസ് അയച്ചത്.
ആക്ടിവിസ്റ്റുകളെ ലക്ഷ്യമിട്ട് അവരുടെ ധാര്‍മ്മികതയെ വെല്ലുവിളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിതെന്ന് മേധാപട്കര്‍ പി.ടി.ഐ യോട് പറഞ്ഞു.
‘ബഹുജന പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ രാജ്യത്ത് സംഘിടതമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും
എങ്ങനെയെങ്കിലും അവരെ ജയിലിലടയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്,അവര്‍ പറഞ്ഞു.
ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റുകളും തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ടെന്നും അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നത് തടയാനുള്ള ഗൂഢാലോചനയയുടെ ഭാഗമാണിതെന്നും അവര്‍ ആരോപിച്ചു.
ഒക്ടോബര്‍ 18 നാണ് മേധാപട്കര്‍ക്ക് ആര്‍.പി.ഒ നോട്ടീസ് അയച്ചത്.
2017 മാര്‍ച്ച് 30 നാണ് അവര്‍ക്ക് പാസ്പോര്‍ട്ട് പുതുക്കി നല്‍കിയത്. 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ പട്കറിനോട് ആവശ്യപ്പെട്ടെങ്കിലും നോട്ടീസിനോട് പ്രതികരിച്ചില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മേധാ പട്കര്‍ക്കെതിരെ മധ്യപ്രദേശില്‍ ഒമ്പത് കേസുകള്‍ നിലവിലുണ്ട് എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അഞ്ചെണ്ണം ഖണ്ട്വയിലും മൂന്നെണ്ണം ബര്‍വാനിയിലും ഒരെണ്ണം അലിരാജ്പൂര്‍ ജില്ലയിലുമാണ്.
കലഹത്തിന് ആഹ്വാനം ചെയ്യുകയും സര്‍ക്കാര്‍ ജീവനക്കാരെ ഔദദ്യോഗിക ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്തതിനാണ് കേസുകള്‍.
പാസ്പോര്‍ട്ട് ഓഫീസ് ഈ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മധ്യപ്രദേശ് പോലീസ് ഡയറക്ടര്‍ ജനറലില്‍ നിന്ന് ആവശ്യപ്പെട്ടിരുന്നു.
വികസന പദ്ധതികള്‍ (ഡാം) മൂലം ദുരിതത്തിലായ കുടുംബങ്ങളുടെ നീതിക്ക് വേണ്ടി സമാധനപരമായ പ്രക്ഷോഭം മാത്രമാണ് നടത്തിയിട്ടുള്ളതെന്നും അതിനെതിരെ ഫയല്‍ ചെയ്ത കേസുകളാണ് നോട്ടീസില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്നാണ് തോന്നുന്നത് എന്നാണ് മേധാപട്കര്‍ പ്രതികരിച്ചിരിക്കുന്നത്.