ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് മഹേഷ് റൗട്ടിന് ഇടക്കാല ജാമ്യം
national news
ഭീമ കൊറേഗാവ് കേസില്‍ ആക്ടിവിസ്റ്റ് മഹേഷ് റൗട്ടിന് ഇടക്കാല ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st June 2024, 10:08 pm

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആക്ടിവിസ്റ്റ് മഹേഷ് റൗട്ടിന് രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനാണ് ജാമ്യം. എന്‍.ഐ.എ ജാമ്യത്തെ എതിര്‍ത്തെങ്കിലും വെള്ളിയാഴ്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ജൂണ്‍ 26 മുതല്‍ ജൂലെ 9 വരെയാണ് ജാമ്യം. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് എസ്.വി.എന്‍. ഭാട്ടി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജൂലെ 10ന് ബുധനാഴ്ച കീഴടങ്ങണമെന്നും എന്‍.ഐ.എ കോടതി നിശ്ചയിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ജാമ്യമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു.

‘കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്തും, അപേക്ഷകന്‍(മഹേഷ് റൗട്ട്) ഇതിനോടകം അനുഭവിച്ച തടവ് കാലയളവും, അദ്ദേഹം ഉന്നയിച്ച അഭ്യര്‍ത്ഥനയുടെ സ്വഭാവവും കണക്കിലെടുത്ത് അദ്ദേഹത്തിന് രണ്ടാഴേചത്തേക്ക് ജാമ്യം നല്‍കാന്‍ ഉത്തരവിടുകയാണ്. ഇത് ജൂണ്‍ 26ന് തുടങ്ങി, ജൂലെ 9ന് അവസാനിക്കും,’ സുപ്രീം കോടതി ഇന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഗഡ്ചിറോളിയിലുള്ള വീട്ടില്‍ ജൂണ്‍ 29,30, ജൂലൈ 5,6 എന്നീ തീയതികളില്‍ നടക്കുന്ന മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് അനുവദിക്കണമെന്ന് കാണിച്ചാണ് മഹേഷ് റൗട്ട് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ മിഹിര്‍ ദേശായിയാണ് മഹേഷ് റൗട്ടിന് വേണ്ടി ഹാജരായത്. കേസില്‍ മഹേഷിന്റെ പങ്കാളിത്തം തള്ളിക്കളയാനാവില്ലെന്ന് കാണിച്ച് എന്‍.ഐ.എ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നെങ്കിലും ഫലം കണ്ടില്ല.

2018 ജൂണിലാണ് ഭീമ കൊറേഗാവ് കേസില്‍ 33 കാരനായ ആക്ടിവിസ്റ്റ് മഹേഷ്‌റൗട്ടിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. നിലവില്‍ തലോജ ജയിലില്‍ കഴിയുന്ന മഹേഷിന് കേസില്‍ പങ്കുണ്ടെന്നാണ് എന്‍.ഐ.എ ആരോപിക്കുന്നത്. നേരത്തെ 2023 സെപ്തംബറില്‍ ബോംബെ ഹൈക്കോടതി മഹേഷിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും എന്‍.ഐ.എ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഈ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.

ഭീമ കൊറേഗാവ് കേസില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്ന ആകെ 16 പേരില്‍ 12 പേര്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുകയാണ്. ഒരാള്‍ മരണപ്പെടുകയും മറ്റു മൂന്നുപേര്‍ ജാമ്യത്തിലുമാണ്.

CONTENT HIGHLIGHTS: Activist Mahesh Raut granted interim bail in Bhima Koregaon case