'മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും?'; മറുപടിയുമായി ജസ്‌ല മാടശ്ശേരി
Kerala News
'മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും?'; മറുപടിയുമായി ജസ്‌ല മാടശ്ശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th October 2020, 4:27 pm

കോഴിക്കോട്: മരിച്ചാല്‍ മൃതദേഹം എന്ത് ചെയ്യുമെന്ന ചോദ്യവുമായി എത്തിയ വ്യക്തിക്ക് മറുപടിയുമായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. മരണശേഷം എന്റെ മയ്യത്ത് (ശവശരീരം ) എന്ത് ചെയ്യുമെന്ന ആധി ഇസ്‌ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പല വട്ടം കണ്ടിട്ടുണ്ടെന്നും നേരിട്ടും ചിലര്‍ ചോദിക്കുന്നുണ്ടെന്നും ജസ്‌ല പറഞ്ഞു.

മതമില്ലാത്ത പെണ്ണേ. മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും? ഹറാം പെറപ്പല്ലേ നീ. പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല എന്ന് പറയുന്നവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ. മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം. മരിച്ച് കഴിഞ്ഞാല്‍ മൂന്നാം ദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം എവിടെ കുഴിച്ചിട്ടാലും ചീയും. അത് ഇന്ന സ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും ജസ്‌ല പറഞ്ഞു.

തന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്. ‘മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും ബാക്കിവരുന്നത് മെഡിക്കല്‍ സ്റ്റുഡന്റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്. കുട്ടികള്‍ കീറിപ്പഠിക്കട്ടെ. എന്നിട്ട് കുഴിച്ചിടേ കത്തിക്കേ എന്ത് വേണേലും ചെയ്യട്ടെ’യെന്നും ജസ്‌ല ഫേസ്ബുക്കില്‍ കുറിച്ചു.

21-ാം നൂറ്റാണ്ടിലും മതം വിഴുങ്ങി ജീവിക്കുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങളുണ്ടാകുന്നതെന്നും ജസ്‌ല പറഞ്ഞു. കെ.എസ്.യു മുന്‍ നേതാവ് കൂടിയായ ജസ്‌ല വിയോജിപ്പുകളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുകയായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു ജസ്‌ല മാടശ്ശേരി.

ജസ്‌ലയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

മരണശേഷം എന്റെ മയ്യത്ത് (ശവശരീരം )എന്ത് ചെയ്യുമെന്ന ആധി…ഇസ്‌ലാം മതവിശ്വാസികളില്‍ ഒരുപാട് പേര്‍ പ്രകടിപ്പിക്കുന്നത് പലവെട്ടം കണ്ടിട്ടുണ്ട്. നേരിട്ടും ചിലര്‍ ചോദിക്കും. മഹല്ല് കമ്മറ്റി എന്നെ മഹല്ലില്‍ നിന്ന് ഒഴിവാക്കിയതിലേറെ ആഹ്ലാദവും അവര്‍ പ്രകടിപ്പിക്കും. കാരണം പള്ളിക്കബറിടത്തില് നിന്റെ മയ്യത്തടക്കില്ലല്ലോ, എന്ന്.

എന്ത് കഷ്ടാണ്. ആ കുറ്റിക്കാട്ടില്‍ ആറടിമണ്ണില്‍ കിടന്നാല്‍ മാത്രമാണോ ശവം മണ്ണില്‍ ലയിക്കുന്നത്..?? പലവട്ടം അവരോടിതിന് മറുപടി പറഞ്ഞിട്ടുണ്ട്. വീണ്ടും ഒരിക്കല്‍ കൂടി പറയാം.

മതമില്ലാത്ത പെണ്ണേ, മരിച്ചാല്‍ നിന്റെ മയ്യത്ത് ഏത് പള്ളീല് ഖബറടക്കും? ഹറാം പെറപ്പല്ലേ നീ. പള്ളീല് ഖബറടക്കാന്‍ ഞമ്മള് സമ്മയ്ക്കൂല.

എനിക്ക് ഇവരോട് പറയാനുള്ള ഉത്തരം ഇതേയുള്ളൂ. മരിക്കുവോളം എങ്ങനെ ജീവിക്കുന്നു എന്നതിലാണ് കാര്യം. മരിച്ച് കഴിഞ്ഞാല്‍ മൂന്നാം ദിവസം ചീഞ്ഞ് തുടങ്ങുന്ന ശരീരം എവിടെ കുഴിച്ചിട്ടാലും ചീയും. അത് ഇന്നസ്ഥലത്ത് കുഴിച്ചിടണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. എന്റെ ശരീരം ഞാന്‍ മെഡിക്കല്‍ കോളേജിനെഴുതിക്കൊടുത്തിട്ടുണ്ട്.

മരണസമയത്ത് ജീവനറ്റുപോകാത്ത ഏത് അവയവം ബാക്കിയുണ്ടെങ്കിലും അത് ജീവനുള്ള ശരീരങ്ങള്‍ക്ക് എടുക്കാന്‍ പറ്റുന്നതാണെങ്കില്‍ അതെടുക്കാനും, ബാക്കിവരുന്നത് മെഡിക്കല്‍ സ്റ്റുഡന്റ്സിന് പഠിക്കാനും കൊടുത്തിട്ടുണ്ട്. കുട്ടികള്‍ കീറിപ്പഠിക്കട്ടെ. എന്നിട്ട് കുഴിച്ചിടേ… കത്തിക്കേ… എന്ത് വേണേലും ചെയ്യട്ടെ.

ഇനി വെറുതെ വെച്ചാലും കുഴപ്പല്ല. ചീഞ്ഞ് നാറ്റം വരുമ്പോള്‍ നിങ്ങള്‍ തന്നെ അതിനൊരു പരിഹാരം കാണും. അല്ല പിന്നെ. മരിച്ച ഞാന്‍ അതറിയുന്നില്ല. ഇനിയറിഞ്ഞാലും. വഴക്കുണ്ടാക്കാനും വരില്ല. ജീവിക്കുമ്പോള്‍ എന്നെ ഞാനായി ജീവിക്കാനനുവദിച്ചാല്‍ മാത്രം മതി.

മാത്രമല്ല. ഈ ആധുനിക കാലത്ത് 21ആം നൂറ്റാണ്ടിലും മതം വിഴുങ്ങി ജീവിക്കുന്നത് കൊണ്ടാണ് ഇത്തരം സംശയങ്ങള്‍ നിങ്ങള്‍ക്ക് വരുന്നത്. ടെക്നോളജിയെ കുറിച്ച് അറിവില്ലാത്തത് കൊണ്ട്.

ഇന്ന് ധാരാളം ഇലക്ട്രിക് സ്മശാനങ്ങളുണ്ട്. അതിലേക്കിട്ട് ഒരു സ്വിച്ച് അമര്‍ത്തിയാല്‍.. ‘ഭും ‘…. ചാരമായി ഇല്ലാതാവാന്‍ നിമിഷങ്ങള്‍ മതി. ഒരു ശവശരീരത്തിന്‍മേല്‍ ഇത്രമേലാശങ്കയോ??? കഷ്ടം.

പിന്നെ ഈ കമന്റില്‍ അവന്‍ പറഞ്ഞ ദൈവമാണ് ലോക സൃഷ്ടാവാണെങ്കില്‍, അയാള്‍ക്ക് എന്റെ കാര്യം നോക്കി നടക്കാന്‍ ആണോ സഹോ സമയം. കോടാനുകോടി മനുഷ്യരും മനുഷ്യരില്‍ പരം ജീവികളും പ്രപഞ്ച ഗോളങ്ങളുമൊക്കെ ഉള്ളിടത്ത് ഞാനെന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുന്ന അങ്ങേരെ സമ്മദിക്കണം.

NB:ഞാന്‍ മതവിശ്വാസിയല്ല

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Activist Jasla Madassery responds to the question of what the body will do if dies