|

ദളിത് ആയതുകൊണ്ടാണ് പൊലീസ് സംരക്ഷണം നല്‍കാത്തത്; ബസ് ജീവനക്കാരന്റെ മോശം പെരുമാറ്റത്തില്‍ പരാതി നല്‍കി ബിന്ദു അമ്മിണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന പേരില്‍ പൊലീസില്‍ പരാതി നല്‍കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

രാത്രി 8 മണിയോടെ കോഴിക്കോട് പൊയില്‍ക്കാവ് നിന്നും ബസ് കയറിയ തന്നെ ബസ് ഡ്രൈവര്‍ ശബരിമലയുടെ പേര് പറഞ്ഞ് പരിഹസിച്ചെന്നും അശ്ശീല ചുവയോടെ സംസാരിച്ചെന്നും തനിക്ക് ഇറങ്ങേണ്ടിയിരുന്ന വെസ്റ്റ്ഹില്‍ ബസ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്നുമാണ് ബിന്ദു പരാതിയില്‍ പറയുന്നത്.

ബസ് ഡ്രൈവര്‍ സംഘപരിവാര്‍ അനുഭാവിയാണെന്നും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ നിന്നെടുത്ത വീഡിയോയില്‍ ബിന്ദു പറയുന്നുണ്ട്. ”സംഘികളായിട്ടുള്ള ഡ്രൈവര്‍മാരില്‍ നിന്ന് ഒരുപാട് പ്രശ്‌നങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. ഈ ബസിലെ ഡ്രൈവറുടെ കൈയില്‍ രാഖിയുണ്ട്. കണ്ടക്ടറുടെ നെറ്റിയില്‍ കുറിയും ഉണ്ടായിരുന്നു. അവര്‍ സംഘപരിവാര്‍ അനുഭാവമുള്ള ആളുകളാണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു,” ബിന്ദു വീഡിയോയില്‍ പറഞ്ഞു.

കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളില്‍ നിന്നും തനിക്ക് മുന്‍പും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സുപ്രീംകോടതിയുടെ പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ളയാളാണ് താനെന്നും എന്നാല്‍ താന്‍ ഒരു ദളിത് ആയതിന്റെ പേരില്‍ കേരള പൊലീസ് സംരക്ഷണം നല്‍കാതിരിക്കുകയാണെന്നും ബിന്ദു പോസ്റ്റില്‍ ആരോപിക്കുന്നുണ്ട്.

”സുപ്രീം കോടതി ഉത്തരവ് പ്രകാരം പ്രൊട്ടക്ഷന്‍ ഉത്തരവ് ഉള്ള ആളാണ് ഞാന്‍. പക്ഷെ എന്ത് കാര്യം. ദളിത് ആയാല്‍ മറ്റൊരു നീതി. ഒരേ ഉത്തരവില്‍ ഒരാള്‍ക്ക് സംരക്ഷണം നല്‍കുന്ന കേരള പോലീസ്. എനിക്ക് സംരക്ഷണം നല്‍കാത്തതിന് കാരണം എന്റെ ദളിത് ഐഡന്റിറ്റി തന്നെ എന്ന് ഞാന്‍ കരുതുന്നതില്‍ തെറ്റുണ്ടോ,” ബിന്ദു പോസ്റ്റില്‍ പറഞ്ഞു.

ഇന്നലെ രാത്രി ബസില്‍ കയറിയ തന്നെ അശ്ശീല ചുവയോടെ നോക്കിക്കൊണ്ട് ഡ്രൈവര്‍ അടുത്തിരുന്ന ആളുകളോട് ‘ഈ വര്‍ഷവും ശബരിമല പോകുന്നോ’ എന്ന് പരിഹാസത്തോടെ ചോദിക്കുകയായിരുന്നു എന്നാണ് ബിന്ദു പറയുന്നത്.

പിന്നീട് വെസ്റ്റ്ഹില്‍ എത്തിയപ്പോള്‍ ഇറങ്ങണം എന്ന് ആവശ്യപ്പെട്ടിട്ടും ബസ് നിര്‍ത്താതെ വളരെ ദൂരം കഴിഞ്ഞാണ് നിര്‍ത്തിയതെന്നും പറയുന്നു. താന്‍ ഒരു സ്ത്രീയാണ്, രാത്രി ഒറ്റയ്ക്കാണ് എന്ന് പറഞ്ഞിട്ടും ഡ്രൈവര്‍ നിര്‍ത്താന്‍ തയാറായില്ല എന്നും തന്നെ ഒരു സ്ത്രീയായി കണക്കാക്കാന്‍ കഴിയില്ല എന്ന് അവര്‍ പറഞ്ഞെന്നും ബിന്ദു പറയുന്നു.

തനിക്ക് ഇത്തരത്തില്‍ അനീതി നേരിടേണ്ടി വന്നപ്പോഴും സഹയാത്രക്കാരായ ആളുകള്‍ തന്നെ പിന്തുണച്ചില്ലെന്നും താന്‍ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ സ്ത്രീകള്‍ ഇങ്ങനെയല്ല എന്നാണ് അവര്‍ പറഞ്ഞതെന്നും ഇവര്‍ തന്റെ വീഡിയോയിലൂടെ പറയുന്നു.

ഇതിനിടെ ഡ്രൈവര്‍ മോശം വാക്കുകള്‍ ഉപയോഗിച്ചതായും ബിന്ദു പറയുന്നുണ്ട്. ഡ്രൈവറുമായുണ്ടായ വാക്തര്‍ക്കത്തിന്റെ വീഡിയോയും ബിന്ദു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവിന് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ നിര്‍ദേശം നല്‍കിയത്. സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു സുപ്രീം കോടതിയില്‍ റിട്ട് ഹരജി നല്‍കിയതിനെത്തുടര്‍ന്നായിരുന്നു ഇത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Activist Bindhu Ammini filed police complaint against bus driver