| Friday, 4th September 2020, 8:15 pm

ഉയിഗര്‍ വംശഹത്യയ്‌ക്കെതിരെ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഒന്നിക്കണം; പാകിസ്ഥാനും ചൈനയും ഉയിഗര്‍ വംശത്തോട് കാണിക്കുന്ന ക്രൂരതകള്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് അമേരിക്കന്‍ ആക്ടിവിസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഉയിഗര്‍ മുസ്‌ലിം ജനത നേരിടുന്ന വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ മുസ്‌ലിം രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് അമേരിക്കന്‍ ഉയിഗര്‍ ആക്ടിവിസ്റ്റ് റൂഷന്‍ അബ്ബാസ്. ഉയിഗര്‍ വിഭാഗത്തോട് പാകിസ്ഥാനും ചൈനയും ചെയ്യുന്ന ക്രൂരതകള്‍ ഇല്ലാതാക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്നും അവര്‍ പറഞ്ഞു.

ഉയിഗര്‍ മുസ്‌ലിങ്ങളെ വേരോടെ ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റ് ചൈനയുടെ പ്രവര്‍ത്തനങ്ങളോട് ലോകം കണ്ണടയ്ക്കുകയാണ്. ലക്ഷക്കണക്കിന് ഉയിഗര്‍ പൗരന്‍മാര്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകളില്‍ കഴിയുകയാണ്. ഉയിഗര്‍ മതത്തെ അവര്‍ പുറത്താക്കി. ആ മനുഷ്യരുടെ അവയവങ്ങള്‍ കച്ചവടം ചെയ്തു- റൂഷന്‍ അബ്ബാസ് പറഞ്ഞു.

ഉയിഗര്‍ സ്ത്രീകള്‍ നിരന്തരം ബലാത്സംഗം ചെയ്യപ്പെടുന്നു, പലരെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്നു. ക്രൂരതകള്‍ക്കെതിരെ നിലവിളിക്കാന്‍ മാത്രമേ അവര്‍ക്കാവുന്നുള്ളു. എന്നിട്ടും ആ വിളികളെ ആരും ചെവിക്കൊള്ളുന്നില്ല. സാമ്പത്തിക ലാഭത്തിനു വേണ്ടി ചൈനയുടെ ഈ ക്രൂരതകളെ എതിര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങളും തയ്യാറാകുന്നില്ലെന്നും റൂഷന്‍ വ്യക്തമാക്കി.

ചൈനയുമായി നല്ല ബന്ധത്തിലായിട്ടും ഉയിഗര്‍ വംശഹത്യയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പാകിസ്ഥാനും കഴിഞ്ഞില്ലെന്നും റൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ചൈനയ്ക്ക് പാകിസ്ഥാന്റെ മേലുള്ള താല്പര്യങ്ങള്‍ മറ്റ് ചിലതാണെന്നും റൂഷന്‍ പറഞ്ഞു.

പാകിസ്ഥാനില്‍ ചൈനീസ് ഭാഷ പഠിപ്പിക്കുന്നുണ്ട്. തെരുവുകളില്‍ ചൈനീസ് മിലിട്ടറി ക്യാംപുകള്‍ കാണാം. ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത് ചൈന പാകിസ്ഥാനില്‍ ഒരു കോളനി കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണെന്നതാണ്- റൂഷന്‍ പറഞ്ഞു.

ലോകത്തെ എല്ലാ മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാരും നമ്മുടെ കൂടെപ്പിറപ്പുകളാണ്. അവരെല്ലാം ഒന്നിച്ചാല്‍ മാത്രമേ ഉയിഗര്‍ ജനതയെ ചൈനയുടെ ക്രൂര കരങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും റൂഷന്‍ വ്യക്തമാക്കി.

നേരത്തേയും ചൈനീസ് ആധിപത്യത്തില്‍ ഉയിഗര്‍ സ്ത്രീകള്‍ നേരിടുന്ന ക്രൂരകൃത്യങ്ങള്‍ വെളിപ്പെടുത്തി റൂഷന്‍ രംഗത്തെത്തിയിരുന്നു. വിസ്റ്റ്‌ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ അഭിഭാഷക കൂടിയാണിവര്‍.

ചൈനീസ് നിയന്ത്രണത്തിലുള്ള പ്രവിശ്യകളിലെ ഉയിഗര്‍ സ്ത്രീകള്‍ വംശഹത്യ നേരിടുകയാണ്. അവര്‍ക്ക് നേരേ നിരന്തര ബലാത്സംഗങ്ങള്‍ നടക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.

കിഴക്കന്‍ തുര്‍ക്കിസ്ഥാനിലെ ഉയിഗര്‍ സ്ത്രീകളെ ഭരണകൂടം കുറ്റവാളികളായാണ് കാണുന്നത്. അവരുടെ മതവും ആചാരങ്ങളെയും അവര്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഉയിഗര്‍ സ്ത്രീകളുടെ പ്രത്യുല്‍പ്പാദനശേഷി രാജ്യത്തിന് ഭീഷണിയെന്ന രീതിയിലാണ് ചൈനീസ് ഭരണകൂടം അവരെ നിരന്തരം വേട്ടയാടുന്നത്- ക്യാംപയിന്‍ ഫോര്‍ ഉയിഗര്‍ സംഘടനയിലെ അംഗം കൂടിയായ റൂഷന്‍ അബ്ബാസ് പറഞ്ഞു.

ഓരോ ഉയിഗര്‍ സ്ത്രീകളെയും നിരന്തരം ബലാത്സംഗം ചെയ്യുന്നു. പലരെയും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കി. ഇതിനെല്ലാം കാരണക്കാര്‍ ചൈനീസ് ഭരണകൂടമാണ്. ലോകം ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ മിണ്ടാതിരിക്കുന്നു. ഉയിഗര്‍   സ്ത്രീകള്‍ക്ക്   നേരേ നടക്കുന്ന ക്രൂരകൃത്യങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു സെലിബ്രിറ്റികളും ഇല്ല. ഫെമിനിസ്റ്റുകള്‍ ഈ വിഷയം കണ്ടില്ലെന്ന് നടിക്കുന്നു- അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉയിഗര്‍ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നയാളാണ് റൂഷന്‍ അബ്ബാസ്. ഉയിഗര്‍ മുസ്ലിങ്ങളെ ഉന്‍മൂലനം ചെയ്യാന്‍ ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഉയിഗര്‍ സ്ത്രീകളെ പ്രസവിക്കാന്‍ അനുവദിക്കാതെ വന്ധ്യംകരണത്തിന് വിധേയമാക്കുന്നുണ്ടെന്ന് റൂഷന്‍ പറഞ്ഞു. നിരവധി സ്ത്രീകളെ കോണ്‍സണ്‍ട്രേഷന്‍ ക്യാംപുകള്‍ക്ക് തുല്യമായി സ്ഥലങ്ങളില്‍ തടവിലാക്കിയിരിക്കുകയാണ്. നിരവധി പേരേ ഫാക്ടറി ജോലികള്‍ക്കായി നിയമിക്കുന്നു. അടിമകള്‍ക്ക് തുല്യമായ ജീവിതമാണ് അവര്‍ അവിടെ നയിക്കുന്നത്. കുഞ്ഞുങ്ങളെയും അമ്മമാരെയും നിര്‍ബന്ധപൂര്‍വ്വം മാറ്റിയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഉയിഗര്‍ വംശത്തില്‍ പിറന്ന കുട്ടികളെ പ്രത്യേകം അനാഥാലയങ്ങളിലേക്ക് അയയ്ക്കുന്നുവെന്നും റൂഷന്‍ പറഞ്ഞിരുന്നു.

അതേസമയം ഉയിഗര്‍ വംശത്തെ ഇല്ലാതാക്കാന്‍ ചൈനീസ് പൗരന്‍മാരെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങളും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തങ്ങളെ തീവ്രവാദികളായി മുദ്രകുത്തുമെന്ന് ഭയന്ന് പലരും വിവാഹത്തിന് നിര്‍ബന്ധിതരാകുകയാണ്. അത് മാത്രമല്ല ഉയിഗര്‍ മുസ് ലിങ്ങളുടെ മതചിഹ്നങ്ങളായ ഹിജാബ്, താടി എന്നിവ ധരിക്കുന്നതിലും വിലക്കുകളുണ്ട്. അവരെക്കൊണ്ട് നിര്‍ബന്ധിച്ച് ചൈനയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ പാടാനും ഭരണകൂടം ആവശ്യപ്പെടുന്നുണ്ടെന്നും റൂഷന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  rushan abbas calls oic to save uyigar community

We use cookies to give you the best possible experience. Learn more