| Thursday, 7th July 2022, 11:27 pm

കാളി സിഗരറ്റ് വലിക്കുന്നതിന് പകരം ചുരുട്ട് വലിച്ചിരുന്നെങ്കില്‍ ഗംഭീരമായേനേ; ലീന മണിമേഖലക്ക് പിന്തുണയുമായി സംവിധായിക ദിവ്യ ഭാരതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: സംവിധായിക ലീന മണിമേഖലയെ പിന്തുണച്ച് ആക്റ്റിവിസ്റ്റും സംവിധായികയുമായ ദിവ്യ ഭാരതി. സിഗരറ്റ് വലിക്കുന്ന കാളിയെ പതിവ് പോലെ പിന്തിരിപ്പന്‍ ശക്തികള്‍ വിവാദത്തിലാക്കിയിരിക്കുകയാണെന്നും ലീനക്കെതിരെ എടുത്ത കേസുകളെല്ലാം സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് എതിരാണെന്നും ദിവ്യ ഭാരതി ഫേസ്ബുക്കില്‍ കുറിച്ചു.

കാളി സിഗരറ്റ് വലിക്കുന്നതിന് പകരം ഒരു വലിയ ചുരുട്ട് വലിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഗംഭീരമായേനേയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ചലച്ചിത്ര സംവിധായിക ലീന മണിമേഖലയുടെ പുതിയ ചിത്രം കാളിയുടെ പോസ്റ്ററിലെ സിഗരറ്റ് വലിക്കുന്ന കാളി പതിവുപോലെ പിന്തിരിപ്പന്‍ ശക്തികള്‍ വിവാദത്തിലാക്കിയിരിക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലീന മണിമേഖലയ്ക്കെതിരെ എടുത്ത കേസുകളെല്ലാം സര്‍ഗാത്മക സ്വാതന്ത്ര്യത്തിന് എതിരാണ്. അറപ്പുളവാക്കുന്നതാണ്.
#ഞങ്ങള്‍നിങ്ങള്‍ക്കൊപ്പമുണ്ട്‌തോഴര്‍
(കാളി സിഗരറ്റ് വലിക്കുന്നതിന് പകരം ഒരു വലിയ ചുരുട്ട് വലിച്ചിരുന്നെങ്കില്‍ കൂടുതല്‍ ഗംഭീരമായേനേ),’ ദിവ്യ ഭാരതി കുറിച്ചു.

കാളി പോസ്റ്റര്‍ വിവാദമാകുന്ന പശ്ചാത്തലത്തില്‍ എഴുത്തുകാരന്‍ അമീഷ് ത്രിപാഠിയുടെ പരാമര്‍ശവും ഇന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചില മതങ്ങളോട് കാണിക്കുന്ന വിവേചനപരമായ സമീപനമാണ് രാജ്യത്ത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കാളി പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മറുപടിയുമായി അമിഷ് ത്രിപാഠി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം വിദ്വേഷം നേരിടുന്നത് ഹിന്ദുക്കളാണെന്നും ത്രിപാഠി പറഞ്ഞു. രാജ്യത്ത് ചില പ്രത്യേക മതങ്ങളോടുള്ള അമിത ആരാധനയും, ചില മതങ്ങളോടുള്ള അവഗണനയുമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാളി എന്ന ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ പുറത്തുവിട്ടതിന് പിന്നാലെയാണ് വിവാദങ്ങളും തുടങ്ങിയത്. പോസ്റ്റര്‍ ഹിന്ദു ദേവതയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ലീനയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
No photo description available.

സമൂഹമാധ്യമങ്ങളിലും ലീനയ്ക്കെതിരെ ഹിന്ദുത്വവാദികള്‍ സൈബര്‍ ആക്രമണം തുടരുകയാണ്. ഇതിനിടെ പോസ്റ്റര്‍ നീക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Activist and director Divya Bharti supported director Leena Manimekala for kaali poster 

We use cookies to give you the best possible experience. Learn more