കൊച്ചി: ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുല്‍ത്താന രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ ചോദ്യംചെയ്യലിനായി നാളെ ലക്ഷദ്വീപിലേക്ക് പോകും. ഹൈക്കോടതിയുടെ വിധിപ്രകാരമാണ് ഐഷ ദ്വീപിലേക്ക് പോകുന്നത്. ഐഷ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
സത്യത്തിന്റെ പാതയിലായതുകൊണ്ട് തനിക്ക് എളുപ്പത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ സാധിക്കുമെന്നും നീതിപീഠത്തില്‍ വിശ്വാസമുണ്ടെന്നും ഐഷ പറഞ്ഞു.
സ്വന്തം മോളെ പോലെയും സഹോദരിയെപോലെയും കണ്ട് നിങ്ങളുടെ ഹൃദയത്തിലേക്ക് എനിക്കൊരു സ്ഥാനം തന്ന കേരള ജനതയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് ഐഷ പറഞ്ഞു. തന്റെ കൂടെ നിന്ന മാധ്യമങ്ങള്‍ക്കും ഐഷ നന്ദി പറഞ്ഞു.
‘തിരുവനന്തപുരത്ത് വന്നപ്പോതൊട്ട് എന്നെ വളര്‍ത്തിയത് ഇവിടത്തെ പ്രമുഖ മാധ്യമങ്ങളാണ്, അവര്‍ അന്നും എന്നെ ചേര്‍ത്തുപിടിച്ചു ഇന്നും എന്നെ ചേര്‍ത്ത് പിടിച്ചു.
എന്നിലെ സത്യാവസ്ഥ തിരിച്ചറിഞ്ഞു നേരിന്റെ ഒപ്പം നിന്നുകൊണ്ട് നേരായ മാര്‍ഗത്തില്‍ എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാ മാധ്യമങ്ങള്‍ക്കും എന്റെ ബിഗ് സല്യൂട്ട്. സ്വന്തം മോളെ പോലെയും സഹോദരിയെപോലെയും കണ്ടുകൊണ്ട് നിങ്ങളുടെ ഹൃദയത്തിലേക്ക് എനിക്കൊരു സ്ഥാനം തന്ന കേരള ജനതയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല,’ ഐഷ പറഞ്ഞു.
കൂടെ നില്‍ക്കണം എന്നാവശ്യപ്പെട്ടപ്പോള്‍, ചങ്കുപറിച്ചുതന്ന് കൂടെ നിന്നവരാണ് ഇന്ന് ഈ കേരളത്തിലെ ഓരോ ആളുകളും, ദൈവം മനുഷ്യരുടെ മനസ്സിലാണ് ജീവിക്കുന്നതെന്ന് നിങ്ങളിലൂടെ വീണ്ടൂം തെളിഞ്ഞിരിക്കയാണെന്നും ഐഷ പറഞ്ഞു.
‘ചിലര്‍ പറയുവാ ഈ താത്താ എന്തിനാ കേരളത്തില്‍ നിന്ന് കൊണ്ട് ലക്ഷദ്വീപിലെ മണ്ണിന് വേണ്ടി പൊരുതുന്നതെന്ന്. എന്റെ വാപ്പ ഉറങ്ങുന്ന മണ്ണാണ് കേരളം. അതേപൊലെ ലക്ഷദ്വീപില്‍ എന്റെ അനിയന്‍ ഉറങ്ങുന്ന മണ്ണും. അതുകൊണ്ട് ആ ബന്ധം മുറിക്കാന്‍ ഈ ലോകത്തില്‍ ഇനി ആരെ കൊണ്ടും സാധിക്കില്ല എന്നതാണു സത്യം.