| Saturday, 17th June 2023, 6:54 pm

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിക്കണം: സംയുക്ത പ്രസ്താവന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരായ അഖില നന്ദകുമാര്‍ , അബ്ജോദ് വര്‍ഗീസ്, മലയാള മനോരമ (കൊല്ലം) പ്രത്യേക ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്ത് എന്നിവര്‍ക്കെതിരെ കേരള പൊലീസ് സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണമെന്ന് സംയുക്ത പ്രസ്താവന. മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമടങ്ങുന്ന 137 പേരാണ് പ്രസ്താവനയിറക്കിയത്.

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെയും വായിച്ചതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തുകയും ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

‘വാര്‍ത്തറിപ്പോര്‍ട്ട് ചെയ്തതിന്റെയും വാര്‍ത്ത വായിച്ചതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തുകയും ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്.

അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരായ അഖില നന്ദകുമാര്‍, അബ്ജോദ് വര്‍ഗീസ്, കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് നിയമനാഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മലയാള മനോരമ (കൊല്ലം) പ്രത്യേക ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്ത് എന്നിവര്‍ക്കെതിരെ കേരള പൊലീസ് സ്വീകരിച്ച നടപടികള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പൊലീസ് നടപടിയെ ന്യായീകരിക്കുന്നത് കേരളത്തിലെ ജനാധിപത്യ പൗരസമൂഹം ആശങ്കയോടെയാണ് കാണുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

‘കേരളത്തിലെ മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പോലീസ് നടപടിയെ ന്യായീകരിച്ച് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ കേരളത്തിലെ ജനാധിപത്യ പൗരസമൂഹം ഏറെ ആശങ്കയോടെയാണ് കാണുന്നത്. കേന്ദ്ര ഭരണാധികാരികള്‍ അന്വേഷണ ഏജന്‍സികളെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെ നിരന്തരം വിമര്‍ശിക്കുന്നവര്‍ തന്നെ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നത് വിരോധാഭാസമാണ്.

ഭരണകൂടവും കോര്‍പ്പറേറ്റ് മാധ്യമ സ്ഥാപനങ്ങള്‍ തന്നെയും മാധ്യമ സ്വാതന്ത്ര്യത്തില്‍ പലവിധേന ഇടപെടുന്ന ഒരു സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഉള്‍പ്പെട്ട 180 രാജ്യങ്ങളില്‍ 161 ആം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെടാന്‍ ഇടയാക്കിയത് കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനത്തിന്റെ കൂടി ഫലമായാണ്.

കേന്ദ്ര ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്ന സമഗ്രാധിപത്യ പ്രവണതകളെ ഫലപ്രദമായി ചെറുക്കുന്നതിന് പൗരസമൂഹത്തെ അണിനിരത്താന്‍ ശ്രമിക്കുന്നതിനു പകരം അതേ പ്രവണതകളെ കേരളത്തിലും ശക്തിപ്പെടുത്തുന്ന നിലയില്‍ സംസ്ഥാന ഭരണ നടത്തിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്,’ പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ പൂര്‍ണരൂപം

മാധ്യമവേട്ടക്കെതിരെ കേരളത്തിലെ പൗരസമൂഹത്തിന്റെ പ്രതിഷേധം

സാമൂഹ്യ-സാംസ്‌കാരിക-സാഹിത്യ -മാധ്യമരംഗത്തെ പ്രമുഖരുടെ പ്രതിഷേധ പ്രസ്താവന

വാര്‍ത്തറിപ്പോര്‍ട്ട് ചെയ്തതിന്റെയും വാര്‍ത്ത വായിച്ചതിന്റെയും പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്തുകയും ചോദ്യം ചെയ്യലിന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്ന നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്.

അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകരായ അഖില നന്ദകുമാര്‍ , അബ്‌ജോദ് വര്‍ഗീസ്, കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് നിയമനാഴിമതി സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മലയാള മനോരമ (കൊല്ലം) പ്രത്യേക ലേഖകന്‍ ജയചന്ദ്രന്‍ ഇലങ്കത്ത് എന്നിവര്‍ക്കെതിരെ കേരള പൊലീസ് സ്വീകരിച്ച നടപടികള്‍ നിരുപാധികം പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

കേരളത്തിലെ മന്ത്രിമാരും ഭരണകക്ഷി നേതാക്കളും പൊലീസ് നടപടിയെ ന്യായീകരിച്ച് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ കേരളത്തിലെ ജനാധിപത്യ പൗരസമൂഹം ഏറെ ആശങ്കയോടെയാണ് കാണുന്നത്.

കേന്ദ്ര ഭരണാധികാരികള്‍ അന്വേഷണ ഏജന്‍സികളെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെ നിരന്തരം വിമര്‍ശിക്കുന്നവര്‍ തന്നെ തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയുയര്‍ത്തുന്നത് വിരോധാഭാസമാണ്. ഭരണകൂടവും കോര്‍പ്പറേറ്റ് മാധ്യമ സ്ഥാപനങ്ങള്‍ തന്നെയും മാധ്യമ സ്വാതന്ത്ര്യത്തില്‍ പലവിധേന ഇടപെടുന്ന ഒരു സാഹചര്യമാണ് ഇന്ത്യയിലുള്ളത്.

ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഉള്‍പ്പെട്ട 180 രാജ്യങ്ങളില്‍ 161ാം സ്ഥാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെടാന്‍ ഇടയാക്കിയത് കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനത്തിന്റെ കൂടി ഫലമായാണ്. മാധ്യമസ്വാതന്ത്ര്യം മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യ പ്രശ്‌നം മാത്രമല്ല, അത് ജനാധിപത്യ സമൂഹത്തിന്റെയും ഭരണഘടനാപരമായ പൗരാവകാശത്തിന്റെയും അവിഭാജ്യഘടകമാണ്.

അതുകൊണ്ടാണ് ഭരണഘടനയില്‍ മാധ്യമ സ്വാതന്ത്ര്യം എന്ന് എടുത്തുപറയാഞ്ഞിട്ടും അത് അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന മൗലികാവകാശത്തില്‍ ഉള്‍പ്പെട്ടതാണെന്നും മാധ്യമ പ്രവര്‍ത്തകരെ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും സുപ്രീം കോടതി നിരവധി തവണ ഭരണഘടനാ വ്യാഖ്യാന വിധികളിലൂടെ വ്യക്തമാക്കിയത്.

കേന്ദ്ര ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്ന സമഗ്രാധിപത്യ പ്രവണതകളെ ഫലപ്രദമായി ചെറുക്കുന്നതിന് പൗരസമൂഹത്തെ അണിനിരത്താന്‍ ശ്രമിക്കുന്നതിനു പകരം അതേ പ്രവണതകളെ കേരളത്തിലും ശക്തിപ്പെടുത്തുന്ന നിലയില്‍ സംസ്ഥാന ഭരണ നടത്തിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നടപടികളില്‍ നിന്നും പോലീസിനെ പിന്മാറ്റാന്‍ കേരളീയ പൗരസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ബി.ആര്‍.പി ഭാസ്‌കര്‍ (സീനിയര്‍ ജേണലിസ്റ്റ്), കെ.ജി.ശങ്കരപ്പിള്ള (കവി), സി. രാധാകൃഷ്ണന്‍ (നോവലിസ്റ്റ്, കഥാകൃത്ത്), ബി. രാജീവന്‍ (എഴുത്തുകാരന്‍), ഡോ.എം. കുഞ്ഞാമന്‍ (സാമ്പത്തിക ശാസ്ത്രജ്ഞന്‍), കെ.അജിത (അന്വേഷി)
എം.എന്‍ കാരശ്ശേരി (എഴുത്തുകാരന്‍), ഡോ. ഇ.വി രാമകൃഷ്ണന്‍ (എഴുത്തുകാരന്‍), കെ.സി. നാരായണന്‍ (മാധ്യമപ്രവര്‍ത്തകന്‍), എം.ജി രാധാകൃഷ്ണന്‍ (ജേണലിസ്റ്റ്),
എം.പി സുരേന്ദ്രന്‍ (ജേണലിസ്റ്റ്), ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഉണ്ണി ബാലകൃഷ്ണന്‍ (മാധ്യമ പ്രവര്‍ത്തകന്‍), കല്‍പ്പറ്റ നാരായണന്‍ (എഴുത്തുകാരന്‍), പി.സുരേന്ദ്രന്‍ (എഴുത്തുകാരന്‍), എന്‍.പി ചേക്കുട്ടി (മാധ്യമ പ്രവര്‍ത്തകന്‍), യു.കെ. കുമാരന്‍ (കഥാകൃത്ത്, നോവലിസ്റ്റ്), വീരാന്‍ കുട്ടി (കവി), അന്‍വര്‍ അലി (കവി), സി.ആര്‍ നീലകണ്ഠന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍), എം.ഗീതാനന്ദന്‍( സാമൂഹ്യ പ്രവര്‍ത്തകന്‍), ഡോ. പി.കെ പോക്കര്‍ (എഴുത്തുകാരന്‍), സെബാസ്റ്റ്യന്‍ (കവി), സാവിത്രി രാജീവന്‍ (കവി), ജെ. ദേവിക (എഴുത്തുകാരി, ഗവേഷക), ഡോ.കെ.ടി. രാംമോഹന്‍ (എക്കണോമിസ്റ്റ്), ചന്ദ്രമതി (എഴുത്തുകാരി) സജിത ശങ്കര്‍ (ആര്‍ട്ടിസ്റ്റ്), കരുണാകരന്‍ (കഥാകൃത്ത്), പ്രസന്ന രാജന്‍ (ക്രിട്ടിക്), വി.എസ്.അനില്‍കുമാര്‍ (കഥാകൃത്ത്), ഡോ. ആസാദ് (എഴുത്തുകാരന്‍), ഡോ.എസ്. ഫൈസി, ജി. ദേവരാജന്‍, ഡോ.കെ.എം.ഷീബ, കെ.സി. ഉമേഷ് ബാബു (കവി), ദാമോദര പ്രസാദ് (എഴുത്തുകാരന്‍), എന്‍.സുബ്രഹ്മണ്യന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍) സി. അനൂപ് (കഥാകൃത്ത്),
സി.എസ്. വെങ്കിടേശ്വരന്‍ (എഴുത്തുകാരന്‍), എസ്. രാജീവന്‍, അനില്‍. ഇ.പി, പ്രമോദ് പുഴങ്കര, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

CONTENT HIGHLIGHTS: Actions against journalists should be withdrawn: Joint statement

Latest Stories

We use cookies to give you the best possible experience. Learn more