| Thursday, 25th May 2023, 6:15 pm

മാധ്യമത്തിലെ 23 പ്രൂഫ് റീഡര്‍മാരെ പിരിച്ചുവിടാനുള്ള നടപടി: മാനേജ്‌മെന്റ് അപേക്ഷ തള്ളി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ പ്രൂഫ് വിഭാഗത്തിലെ 23 ജീവനക്കാരെ പിരിച്ചുവിടാന്‍ മാനേജ്‌മെന്റ് നല്‍കിയ അപേക്ഷ തള്ളി സര്‍ക്കാര്‍. മാധ്യമം പ്രസിദ്ധീകരണങ്ങളില്‍ പൂര്‍ണമായ യന്ത്രവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

ലേബര്‍ കമ്മീഷണര്‍ റിപ്പോര്‍ട്ടും കേസിലെ ഹൈക്കോടതി വിധിയിലെ നിര്‍ദേശങ്ങള്‍ പാലിച്ചുമാണ് സര്‍ക്കാര്‍ വ്യാഴാഴ്ച ഉത്തരവിറക്കിയിരിക്കുന്നത്.

നിലവില്‍ മാധ്യമത്തില്‍ 700-ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ച 23 പേരും ബിരുദാനന്തര ബിരുദം അടക്കമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവരും ദീര്‍ഘകാലമായി സ്ഥാപനത്തില്‍ ജോലിചെയ്തു വരുന്നവരുമാണെന്നും ലേബര്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

‘മാധ്യമത്തില്‍ 700-ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. റിട്രഞ്ച്‌മെന്റ് നോട്ടീസ് ലഭിച്ച 23 പേരും ബിരുദാനന്തര ബിരുദം അടക്കമുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവരും ദീര്‍ഘകാലമായി സ്ഥാപനത്തില്‍ ജോലിചെയ്തു വരുന്നവരുമാണ്.

നിശ്ചിത സേവനകാലം പൂര്‍ത്തിയാകാത്തതിനാല്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയില്‍ നിന്നും ഇവര്‍ ഒഴിവാക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും. ആയതിനാല്‍ റീട്രഞ്ച്‌മെന്റ് അനുമതിക്കുള്ള അപേക്ഷ അംഗീകരിക്കത്തക്കതല്ല,’ എന്ന് ലേബര്‍ കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എന്നാല്‍ മാധ്യമം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് കൊണ്ടാണ് പ്രൂഫ് റീഡര്‍മാരെ പിരിച്ചുവിടാനുളള തീരുമാനമെടുത്തതെന്ന് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് മാധ്യമം ദിനപത്രത്തിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കോടതിയില്‍ വാദിച്ചു.

‘1987 ജൂണ്‍ 1 ന് കോഴിക്കോട് നിന്നു പ്രസിദ്ധീകരണമാരംഭിച്ച ദിനപത്രത്തില്‍ 700ഓളം ജീവനക്കാര്‍ ജോലി ചെയ്തു. പുതിയ തലമുറ ഡിജിറ്റല്‍ മേഖലയെ കൂടുതലായി ആശ്രയിച്ചു തുടങ്ങിയതും ന്യൂസ് പ്രിന്റ് ഉള്‍പ്പെടെയുള്ള അനുബന്ധ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതും തുടര്‍ച്ചയായ വര്‍ഷങ്ങളിലെ പ്രളയം, കോവിഡ് മഹാമാരി തുടങ്ങിയവ സൃഷ്ടിച്ച ഗുരുതര പ്രത്യാഘാതങ്ങളും കാരണം നിലവില്‍ മാധ്യമം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു,’ മാധ്യമം പറഞ്ഞതായി ഉത്തരവില്‍ പറയുന്നു.

ഈ വാദങ്ങളെ മുന്‍ നിര്‍ത്തിയാണ് പിരിച്ചുവിടാനുള്ള ഉത്തരവ് സര്‍ക്കാര്‍ തള്ളിയത്.

‘സര്‍ക്കാര്‍ മുമ്പാകെ പ്രസ്താവിച്ചിട്ടുള്ള വസ്തുതകളും ഹിയറിംഗ് വേളയില്‍ ഉന്നയിച്ച വാദഗതികളും ഇതുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെയും വെളിച്ചത്തില്‍ സര്‍ക്കാര്‍ ഇക്കാര്യം വിശദമായി പരിശോധിച്ചു.

പ്രൂഫ് റീഡര്‍ തസ്തിക മാധ്യമ സ്ഥാപനത്തില്‍ അനിവാര്യമായ തസ്തികയാണ്. സെഷന്‍ 25-എന്‍ 2 പ്രകാരം പിരിച്ചുവിടലിന് മുമ്പുള്ള നോട്ടീസ് നല്‍കുന്നതിനോടൊപ്പം തൊഴിലുടമ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ച പി.എ. ഫോമിന്റെ പകര്‍പ്പ് കൂടി നോട്ടീസിനൊപ്പം പ്രസ്തുത ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടതാണ്.

പ്രസ്തുത ഫോം റീട്രഞ്ച്‌മെന്റ് നോട്ടീസിനോടൊപ്പം ജീവനക്കാര്‍ക്ക് നല്‍കിയിട്ടില്ല എന്നത് പരിഗണിച്ചും സിനിയോറിറ്റി ലിസ്റ്റില്‍ ലാസ്റ്റ് കം ഫസ്റ്റ് ഗോ എന്ന തത്വം മാനേജ്‌മെന്റ് പാലിച്ചിട്ടില്ല എന്ന വാദം അംഗീകരിച്ചും സ്ഥിരം തസ്തികയിലുള്ള ജീവനക്കാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുമെന്ന വാദം നിയമപരമായതും മാന്യമായതുമായ വേതനം നല്‍കാതെയുള്ള തൊഴില്‍ രീതികള്‍ക്ക് അംഗീകാരം നല്‍കുന്നതിന് തുല്യമാവുകയും ആയത് സര്‍ക്കാരിന്റെ തൊഴിലാളി ക്ഷേമനയങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായതിനാലും പിരിച്ചുവിടലിലൂടെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അവസരം ഇല്ലാതാകുകയും അതിലൂടെ തൊഴിലാളികളുടെ ജീവിതം അനിശ്ചിതത്വത്തില്‍ ആകും എന്നത് കണക്കിലെടുത്തും റീട്രഞ്ച്‌മെന്റ് അനുമതിക്കുള്ള അപേക്ഷ അംഗീകരിക്കത്തക്കതല്ല എന്നുള്ള ലേബര്‍ കമ്മീഷണറുടെ ശുപാര്‍ശ പരിഗണിച്ചും കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റില്‍ നിന്നും 23 തൊഴിലാളികളെ 01,07,2023 മുതല്‍ റീട്രഞ്ച് ചെയ്യുന്നുവെന്ന് കാണിച്ച് മാനേജമെന്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് 1947 -ലെ വ്യവസായ തര്‍ക്ക നിയമ പ്രകാരം അനുമതി നിഷേധിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു,’ ഉത്തരവില്‍ പറയുന്നു.

മാനേജ്‌മെന്റ് നടപടിക്കെതിരെ മാധ്യമം ജേര്‍ണലിസ്റ്റ് യൂണിയനും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.

content highlight: Action to dismiss 23 proofreaders in Madhyamya: Govt rejects management plea

We use cookies to give you the best possible experience. Learn more