തിരുവനന്തപുരം; കൊല്ലം ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മില്‍ നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ആര്‍. വസന്തന്‍, എന്‍.എസ്. പ്രസന്നകുമാര്‍ എന്നിവരെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.
കുണ്ടറ, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരാജയത്തിലാണ് നടപടി.
മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും സി.പി.ഐ.എം കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ ബി. തുളസീധരക്കുറുപ്പടക്കം അഞ്ച് നേതാക്കളെ താക്കീത് ചെയ്യാനും എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
എസ്. രാജേന്ദ്രന്‍ കണ്‍വീനറായ കമ്മീഷനാണ് തോല്‍വി അന്വേഷിച്ചത്. സ്ഥാനാര്‍ഥികളും ഘടക കക്ഷി നേതാക്കളെയുമടക്കം നൂറിലേറെപ്പേരുടെ മൊഴി രേഖപ്പെടുത്തിയാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്.
രണ്ട് മണ്ഡലങ്ങളിലും ഗുരുതര സംഘടനാ വീഴ്ചയുണ്ടായതായും നേതാക്കള്‍ ജാഗ്രതക്കുറവ് കാട്ടിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഒന്നാം പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്ന മേഴ്സിക്കുട്ടിയമ്മയുടെ സിറ്റിംഗ് മണ്ഡലത്തിലെ തോല്‍വി വലിയ വീഴ്ചയാണെന്നാണ് സി.പി.ഐ.എമ്മിന്റെ വിലയിരുത്തല്‍.
കരുനാഗപ്പള്ളിയില്‍ പരാജയമുണ്ടായത് സി.പി.ഐ സ്ഥാനാര്‍ഥിയായ ആര്‍. രാമചന്ദ്രനാണെങ്കിലും സി.പി.ഐ.എമ്മിനും തോല്‍വി അപമാനകരമാണെന്ന് കമ്മറ്റിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
ജില്ലാ നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതെങ്കിലും പാര്‍ട്ടി സമ്മേളന കാലമായതിനാല്‍ കടുത്ത നടപടി വേണ്ടെന്ന് ജില്ലാ കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Action taken by the CPI (M) in the wake of the Assembly election defeat in Kollam district