|

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ നഷ്ടപ്പെട്ടതില്‍ ജീവനക്കാരനെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് പതോളജി ലാബിലേക്ക് അയച്ച ശരീരഭാഗങ്ങളുടെ സാംപിളുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ നടപടി. സാംപിളുകള്‍ ലാബിലെത്തിച്ച ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. ഹൗസ് കീപ്പിങ് വിഭാഗം ജീവനക്കാരന്‍ അജയകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സാംപിളുകള്‍ സുരക്ഷിതമാണെന്ന് പതോളജി വിഭാഗം മേധാവി ലൈല രാജി പറഞ്ഞു. ലാബിന്റെ മുറ്റത്ത് വരെ വാഹനങ്ങള്‍ക്ക് എത്താന്‍ കഴിയുമെന്നും എന്നാല്‍ ജീവനക്കാര്‍ അവരുടെ സൗകര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള അനാസ്ഥകളുണ്ടാകുന്നതെന്നും ലൈല രാജി പ്രതികരിച്ചു.

17 രോഗികളുടെ സാമ്പിളുകളാണ് ലാബില്‍ നിന്ന് നഷ്ടപ്പെട്ടത്. സാംപിളുകള്‍ ലാബിന്റെ സമീപത്തുണ്ടായിരുന്ന ഒരു ആക്രിവില്‍പ്പനക്കാരന്‍ മോഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചിരുന്നു.

മെഡിക്കല്‍ കോളേജ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആംബുലന്‍സില്‍ പതോളജി ലാബിലേക്ക് കൊണ്ടുപോയ സാംപിളുകള്‍ ജീവനക്കാര്‍ ലാബ് കെട്ടിടത്തിന്റെ കോണിപ്പടിക്ക് താഴെ വെക്കുകയായിരുന്നു. ഇവിടെ നിന്നാണ് ആക്രിവില്‍പ്പനക്കാരന് സാംപിളുകളുടെ ബോക്സ് ലഭിക്കുന്നത്.

തിരിച്ചുവന്ന ജീവനക്കാര്‍ ബോക്സ് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സാംപിളുകള്‍ നഷ്ടപ്പെട്ടെന്ന വിവരം സ്ഥിരീകരിക്കുന്നത്. എന്നാല്‍ ആക്രിയാണെന്ന് കരുതിയാണ് താന്‍ സാംപിളുകളുടെ ബോക്സ് എടുത്തതെന്നാണ് ആക്രിവില്‍പ്പനക്കാരന്‍ നല്‍കിയ മൊഴി.

ആശുപത്രിയുടെ പിന്‍ഭാഗത്തുള്ള ഒരു പറമ്പില്‍ നിന്നാണ് സാംപിളുകളുടെ ബോക്‌സ് കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ലാബ് കെട്ടിടത്തില്‍ നിന്ന് ആക്രിവില്‍പ്പനക്കാരന്‍ ഇത് മോഷ്ടിച്ചതാണെന്ന് സ്ഥിരീകരിച്ചത്.

Content Highlight: Action taken against the loss of body part samples sent from Thiruvananthapuram Medical College