| Friday, 6th December 2024, 8:10 am

സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ കേസുകളുടെ നടത്തിപ്പില്‍ അലംഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായനടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. കേസ് നടത്തിപ്പില്‍ അലംഭാവം കാണിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായി സംസ്ഥാനങ്ങള്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പല കേസുകളിലും അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനായി വലിയ കാലതാമസം ഉണ്ടാക്കുന്നതിനാലാണ് ഇത്തരത്തിലുള്ള നടപടിയെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഉചിതമായ സമയത്ത് മേലുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താതെ ഉദ്യോഗസ്ഥര്‍ അപ്പീല്‍ നടപടികള്‍ വൈകിപ്പിക്കുന്നത് ഖജനാവിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്നും ഇതിന് കാരണക്കാരാവുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും സുപ്രീം കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

അഞ്ച് വര്‍ഷം കാലതാമസമെടുത്ത് ഫയല്‍ ചെയ്ത മധ്യപ്രദേശ് സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ശരിവെച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി പ്രസ്താവം. അപ്പീല്‍ നല്‍കുന്നതിന് കാരണമെന്താണെന്ന് വിശദീകരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലും കോടതി ശരിവെക്കുകയായിരുന്നു.

കട്‌നി ജില്ലയിലെ ഭൂമി തര്‍ക്കത്തില്‍ 2013ല്‍ വിചാരണക്കോടതി സര്‍ക്കാരിന് അനുകൂലമായി വിധിച്ചിരുന്നു. പിന്നാലെ അടുത്തവര്‍ഷം ജില്ലാ കോടതി സ്വകാര്യ വ്യക്തിക്ക് ഭൂമിയുടെ അവകാശം നല്‍കിക്കൊണ്ടുള്ള ഉത്തരവിടുകയുമുണ്ടായി. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം സര്‍ക്കാര്‍ ഭൂമി നഷ്ടപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ ഈ വിഷയത്തില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. അപ്പീല്‍ നല്‍കുന്നതിലുണ്ടായ കാലതാമസം വിശദീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു.

Content Highlight: Action should be taken against officials who show laxity in handling government cases: Supreme Court

Latest Stories

We use cookies to give you the best possible experience. Learn more