ആലപ്പുഴ: അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടല്‍ തന്നില്‍ നിന്ന് 184 രൂപ ഈടാക്കിയ പശ്ചാത്തലത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നല്‍കിയ പരാതിയില്‍ നടപടി. പരിതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യ വകുപ്പ് ചേര്‍ത്തല താലൂക്കിലെ ഹോട്ടലുകളില്‍ പരിശോധന നടത്തി.
പരിശോധനക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എം.എല്‍.എ പരാതി നല്‍കിയ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലിലും പരിശോധന നടത്തിയിട്ടുണ്ട്. പരിശോധനയുടെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ഹോട്ടലുകളുടെ ക്ലാസ് അനുസരിച്ച് ഏകീകൃത വില നിശ്ചയിക്കാന്‍ ഭക്ഷ്യ വകുപ്പ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.
പരാതി നല്‍കിയത് വിഷയം ചര്‍ച്ചയാക്കാനാണെന്ന് ചിത്തരഞ്ജന്‍ പറഞ്ഞു. പരാതിയില്‍ കൃത്യമായി നടപടിയെടുത്തില്ലെങ്കില്‍ ഭക്ഷ്യ മന്ത്രിയേയും പരാതി ബോധിപ്പിക്കും. ഞാന്‍ പത്ത് രൂപ കൂടുല്‍ കൊടുത്തതല്ല ഇവിടുത്തെ പ്രശ്‌നം. സാധരണക്കാരെ ജനങ്ങളെ ചൂഷണം ചെയ്യേണ്ട കാര്യമില്ല. ചെറിയ വിലക്കയറ്റം വലിയ രീതിയില് മുതലെടുക്കുന്ന അപൂര്‍വം ചിലരുണ്ടെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ചിത്തരഞ്ജന്റെ പ്രതികരണം.