തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ അനര്‍ഹര്‍ കൈപ്പറ്റിയ സംഭവത്തില്‍ തുക തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. അനര്‍ഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കും. അഡീഷണല്‍ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പെന്‍ഷന്‍ കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്. പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യ ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല.
സി.എ.ജി കണ്ടെത്തല്‍ പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍ അര്‍ഹര്‍, താത്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 9201 പേര്‍ തട്ടിപ്പിന്റെ ഭാഗമായിട്ടുണ്ട്. 39 കോടി 27 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയിട്ടുള്ളത്. 347 പേരാണ് ഈ പരിധിയില്‍ തട്ടിപ്പ് നടത്തിയത്. കണക്കുകള്‍ അനുസരിച്ച് 1.53 കോടിരൂപയാണ് ജീവനക്കാര്‍ കൈവശപ്പെടുത്തിയത്.
169 സര്‍ക്കാര്‍ ജീവനക്കാരാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. കൊച്ചി കോര്‍പ്പറേഷനിലാണ് ഏറ്റവും കുറവ് തട്ടിപ്പ് രേഖപ്പെടുത്തിയത്. 70 ജീവനക്കാര്‍ മാത്രമാണ് കൊച്ചിയില്‍ അനര്‍ഹമായി പെന്‍ഷന്‍ കൈവശപ്പെടുത്തിയത്.
മുന്‍സിപ്പാലിറ്റി വിഭാഗത്തില്‍ ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. 185 ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. രണ്ടാം സ്ഥാനത്ത് നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയാണ്. 68 ജീവനക്കാരാണ് ഈ പരിധിയില്‍ പെന്‍ഷന്‍ കൈവശപ്പെടുത്തിയത്.
പഞ്ചായത്ത് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ നിയമവിരുദ്ധമായി പെന്‍ഷന്‍ കൈപ്പറ്റിയത് ആലപ്പുഴ ജില്ലാ പരിധിയിലാണ്. മണ്ണഞ്ചേരി പഞ്ചായത്തില്‍ 69 പേരാണ് അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയത്. മാരാരിക്കുളം പഞ്ചായത്തില്‍ 47 ഉദ്യോഗസ്ഥരും തട്ടിപ്പ് നടത്തി.
കൂടാതെ ക്ഷേമ പെന്‍ഷന്‍ മാനദണ്ഡങ്ങളിലും പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. ഗുണഭോക്താക്കളുടെ അര്‍ഹത കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ പെന്‍ഷന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് പെന്‍ഷന്‍ കിട്ടുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlight: Action on pension fraud; Ordered to collect 18 percent penalty interest from employees