ജോസഫൈനെതിരെ നടപടി വേണം; അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമെല്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
Kerala News
ജോസഫൈനെതിരെ നടപടി വേണം; അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമെല്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th June 2021, 11:39 pm

കോട്ടയം: ചാനല്‍ പരിപാടിക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനിനെതിരെ  നടപടിയെടുക്കണമെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്.

വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് ജോസഫൈനെ തുടരാന്‍ അനുവദിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും നടപടി വൈകരുതെന്നും അദ്ദേഹം പറഞ്ഞു.

ജോസഫൈന്റെ പെരുമാറ്റത്തില്‍ തീരെ ആര്‍ദ്രതയും സഹിഷ്ണുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചാനല്‍ പരിപാടിയില്‍ സ്ത്രീയോട് മോശമായി സംസാരിച്ച സംഭവത്തില്‍ എം.സി. ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചു. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പിച്ചത് എന്നായിരുന്നു ജോസഫൈന്‍ പറഞ്ഞത്.

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടുവെന്നും ആ സഹോദരിക്ക് തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.


അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാല്‍ എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തില്‍ അവരോട് അല്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണെന്നും ജോസഫൈന്‍ പറഞ്ഞു,”.

ജോസഫൈന്റെ വാക്കുകള്‍-

‘ഞാന്‍ മനോരമ ചാനലില്‍ ഇന്നലെ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയുണ്ടായി. സമീപകാലത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അത്രിക്രമങ്ങളിലും ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഞാന്‍ അസ്വസ്ഥയായിരുന്നു. ഇന്നലെ മനോരമ ചാനലില്‍ നിന്ന് എന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പ്രതികരണം നടത്താമോ എന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരക്കുള്ള ദിവസം ആയിരുന്നതിനാലും എനിക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാലും ഞാന്‍ ചര്‍ച്ചയ്ക്ക് വരുന്നില്ല എന്ന പറഞ്ഞിരുന്നതാണ്. എന്നാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയം ആണെന്നതും വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും പറഞ്ഞതോടെ ഞാന്‍ ചാനലിലെ പരിപാടിക്ക് ചെല്ലാം എന്ന് അറിയിക്കുകയായിരുന്നു.

എന്നാല്‍ അവിടെ ചെന്ന ശേഷം ആണ് അതൊരു ടെലിഫോണ്‍ വഴി പരാതികേള്‍ക്കുന്ന തരത്തിലാണ് അതിന്റെ ക്രമീകരണം എന്ന് മനസ്സിലായത്. നിരവധി പരാതിക്കാര്‍ ആ പരിപാടിയിലേക്ക് ഫോണ്‍ ചെയ്യുകയുണ്ടായി. ടെലിഫോണ്‍ അഭിമുഖത്തിനിടയില്‍ എറണാകുളം സ്വദേശിനി ആയ സഹോദരി എന്നെ ഫോണില്‍ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാല്‍ എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തില്‍ അവരോട് അല്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലിസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പൊലിസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്കുണ്ടായത്.

എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു‘.- എം.സി. ജോസഫൈന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവമാണ് വിവാദമായത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.

എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.

എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.

വേണമെങ്കില്‍ കമ്മീഷനില്‍ പരാതി നല്‍കിക്കോളൂ എന്നാല്‍ സ്ത്രീധനം തിരിച്ചുകിട്ടണമെങ്കില്‍ നല്ലൊരു വക്കീലിനെ വെച്ച് കുടുംബകോടതിയെ സമീപിക്കണമെന്നാണ് ജോസഫൈന്‍ പിന്നീട് പറയുന്നത്.

ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നുണ്ട്.

നേരത്തെയും ജോസഫൈന്റെ പല പരാമര്‍ശങ്ങളും നടപടികളും വലിയ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. നേരത്തെ 89 വയസുള്ള കിടപ്പുരോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട ജോസഫൈന്റെ നടപടിയും വിവാദമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Action must be taken against women commission chairperson MC Josephine; Diocese of Niranam Geevarghese Mar Curillos