| Sunday, 21st April 2024, 8:43 am

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്‍ബോക്‌സിലേക്ക് വന്നതാണെങ്കിലും ഉടന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ ഇന്‍ബോക്‌സിലേക്ക് വന്നതാണെങ്കിലും ഉടന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജി പരിഗിണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികള്‍ ഉള്‍പ്പട്ടിട്ടുള്ള അശ്ലീല ദൃശ്യങ്ങള്‍ ഇന്‍ബോക്‌സിലേക്ക് വന്നാല്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

കുട്ടികളെ അശ്ലീല വീഡിയോ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്ഠ ഉളവാക്കുന്നതുമാണെന്നും കോടതി നിരീക്ഷിച്ചു. ഹരജി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് പോക്‌സോ നിയമപ്രകാരം കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ഇത്തരം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് മറ്റാര്‍ക്കെങ്കിലും അയച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ ഐ.ടി നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും കുറ്റമാവുകയുള്ളൂ എന്നും മദ്രാസ് ഹൈക്കോടതിയുടെ വിധിയിലുണ്ടായിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജിയാണ് ഇപ്പോള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്.

content highlights: Action if child pornography arrives in inbox but not deleted immediately

We use cookies to give you the best possible experience. Learn more