തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പൂരപ്പറമ്പില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ അവിടെ ജനങ്ങള്‍ക്ക് രക്ഷകനായി ആക്ഷന്‍ ഹീറോ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയെ സര്‍ക്കാര്‍ അവതരിപ്പിച്ചെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാരിന്റേയും പൊലീസിന്റേയും ഭാഗത്ത് നിന്ന് എട്ട് വീഴ്ച്ചകള്‍ ഉണ്ടായെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാന മന്ത്രിസഭയിലെ രണ്ട് അംഗങ്ങളായ കെ.രാജനും ആര്‍.ബിന്ദുവിനും മറ്റ് എം.എല്‍.എ മാര്‍ക്കും കിട്ടാത്ത സൗകര്യം പൊലീസ് സുരേഷ് ഗോപിക്ക് ഒരുക്കി നല്‍കിയെന്നും പ്രമേയത്തില്‍ ആരോപിച്ചു. പൊലീസ് സഹായിക്കാതെ എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
പൂര ദിവസം പുറപ്പെടുന്ന കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് കുറുപ്പുംപടി റോഡ് വരെ വന്നപ്പോള്‍ സ്വരാജ് ഗ്രൗണ്ട് നിറയെ വാഹനങ്ങളായിരുന്നു. ഇത് ആദ്യത്തെ വീഴ്ച്ചയാണെന്നും എന്നാല്‍ സാധാരണ ഈ എഴുന്നള്ളിപ്പ് വരുമ്പോള്‍ വാഹനങ്ങള്‍ പൊലീസ് തടയാറുണ്ടെന്നും എന്നാല്‍ ഇത്തവണ അത് ഉണ്ടായില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. രണ്ടാമത്തെ വീഴ്ച്ചയായി ആനയ്ക്ക് പോലും കടന്ന് പോകാന്‍ പറ്റാത്തവിധം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചെന്നും കുറ്റപ്പെടുത്തി.
പൊതുജനത്തെ കൈകാര്യം ചെയ്യാന്‍ പൊലീസിന് സാധിക്കാത്താണ് ഏറ്റവും വലിയ വീഴ്ച്ചയായി പ്രമേയത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പൂരത്തിന് സാധാരണ ഉണ്ടാവുന്ന പോസിറ്റീവ് ജനക്കൂട്ടത്തോട് ശത്രുക്കളോടെന്ന പോലെ പൊലീസ് പെരുമാറി. ഒരു അനുഭവ പരിചയമില്ലാത്ത സിറ്റി പൊലീസ് കമ്മീഷണറെ പൂരത്തിനായി ചുമതലപ്പെടുത്തി. അതും ഗവണ്‍മെന്റിന്റെ തെറ്റാണ്. അതൊക്കതന്നെ മുന്‍കൂട്ടി നടന്ന ഗൂഢാലോചനയുടെ ഭാഗമാണ്. എന്തിന് ആനയ്ക്ക് പട്ട കൊണ്ട് പോവുന്നവരെപ്പോലും പൊലീസ് വെറുതെവിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
പൂരം കലക്കലിന് മുന്നില്‍ നിന്നത് എ.ഡി.ജി.പിയാണ്. അതെല്ലാം രാഷ്ട്രീയ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് ചെയ്തതാണ്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. എ.ഡി.ജി.പിയാണ് ഇതിനെല്ലാം മുന്‍കൈ എടുത്തത്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടു എന്ന ആരോപണം ഭരണപക്ഷത്തിന് തന്നെയുണ്ടെന്നും തിരൂവഞ്ചൂര്‍ പറഞ്ഞു.
കൂടാതെ ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്താന്‍ സുരേഷ് ഗോപിയെന്താ രോഗിയാണോ എന്നും തിരുവഞ്ചൂര്‍ പ്രമേയത്തിനിടെ ചോദിക്കുകയുണ്ടായി. പൊലീസ് ഒത്താശയില്ലാതെ ഇതൊന്നും സംഭവിക്കില്ലെന്നും തിരുവഞ്ചൂര്‍ സഭയില്‍ പറഞ്ഞു.
Content Highlight: Action hero NDA candidate came as a savior when there was conflict in Thrissur pooram; Thiruvanchoor Radhakrishnan on adjournment motion