| Saturday, 23rd December 2023, 12:35 pm

ആ സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതും പൃഥ്വിരാജിനെ കുറിച്ചാണ് രണ്‍ബീര്‍ ചോദിച്ചത്: അഖിലേഷ് മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈയിടെ പുറത്തിറങ്ങി ഏറെ ചര്‍ച്ചയായ ഒരു സിനിമയാണ് അനിമല്‍. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത സിനിമയില്‍ രണ്‍ബീര്‍ കപൂറായിരുന്നു നായകന്‍. ആ സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകള്‍ എഡിറ്റ് ചെയ്ത മലയാളിയാണ് അഖിലേഷ് മോഹന്‍. പൃഥ്വിരാജ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന എമ്പുരാന്‍ സിനിമയിലും ഇദ്ദേഹം ഭാഗമാകുന്നുണ്ട്.

‘കുരുതി’, ‘ബ്രദേഴ്‌സ് ഡേ’, ‘ബ്രോ ഡാഡി’ എന്നീ സിനിമകളിലും അഖിലേഷ് മോഹന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂറിനെ കുറിച്ച് സംസാരിക്കുകയാണ് അഖിലേഷ്.

‘അനിമല്‍ സിനിമയിലെ ആക്ഷന്‍ സീനുകള്‍ കട്ട് ചെയ്യുമ്പോള്‍ രണ്‍ബീര്‍ സാര്‍ ഇടക്കിടെ വരുമായിരുന്നു. കട്ട് ചെയ്ത് കഴിഞ്ഞാല്‍ സീന്‍ കാണാന്‍ ആഗ്രഹമുണ്ടോയെന്ന് ചോദിച്ചാല്‍ കാണിച്ചു കൊടുക്കാന്‍ പറയും. കണ്ടാല്‍ ഉടനെ തന്നെ ആ സീനിനെ പറ്റി അഭിപ്രായവും പറയുമായിരുന്നു. ഇതിനിടയില്‍ പുള്ളി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുമായിരുന്നു.

നമ്മള്‍ മലയാളിയാണെന്ന് അറിയാവുന്നത് കൊണ്ട് നമുക്ക് അറിയുന്ന രീതിയിലാണ് ആളുടെ സംസാരമൊക്കെ. അധികം ഫാസ്റ്റായിട്ടൊന്നും രണ്‍ബീര്‍ സാര്‍ സംസാരിക്കില്ല. ഭാഷ നമുക്ക് പ്രശ്‌നമാണെന്ന് പുള്ളിക്ക് അറിയാമായിരുന്നു. അതുകൊണ്ട് വളരെ സ്ലോയായിട്ടാണ് സംസാരിച്ചിരുന്നു. ശരിക്കും രണ്‍ബീര്‍ സാര്‍ ഞാന്‍ ഒരു മെയിന്‍ എഡിറ്ററാണെന്ന് കരുതിയിരുന്നില്ല.

എഡിറ്റ് ചെയ്ത സീന്‍ കണ്ടതിന് ശേഷം ആദ്യം സാര്‍ എന്നോട് ചോദിച്ചത് ഇതുപോലെ ഫൈറ്റ് മാത്രം കട്ട് ചെയ്യുന്ന ആളാണോ എന്നായിരുന്നു. അപ്പോള്‍ ഞാന്‍ ‘അല്ല, ഞാന്‍ മലയാളത്തില്‍ തന്നെ ഇപ്പോള്‍ മൂന്ന് പടങ്ങള്‍ എഡിറ്റ് ചെയ്ത് കഴിഞ്ഞു. അതിലെ മെയിന്‍ എഡിറ്റര്‍ ആയിരുന്നു’ എന്ന് പറഞ്ഞു. ഉടനെ സാര്‍ ഏതാണ് ആ പടങ്ങളെന്ന് ചോദിച്ചു.

കുരുതിയും ബ്രദേഴ്‌സ് ഡേയും ബ്രോ ഡാഡിയുമാണ് ആ സിനിമകളെന്ന് ഞാന്‍ മറുപടി പറഞ്ഞു. ബ്രോ ഡാഡിയെന്ന് കേട്ടതും പൃഥ്വിരാജ് ഡയറക്ട് ചെയ്ത പടമല്ലേ അതെന്നാണ് രണ്‍ബീര്‍ ചോദിച്ചത്. അതേയെന്ന് പറഞ്ഞപ്പോള്‍ തന്നെ പുള്ളി ഡയറക്ടറിനെ വിളിച്ചിട്ട് ഞാന്‍ ഒരു മെയിന്‍ എഡിറ്റര്‍ ആണെന്ന് അദ്ദേഹത്തോട് പറഞ്ഞു.

മാസ്റ്ററിന്റെ കൂടെ വന്ന് ഫൈറ്റൊക്കെ കട്ട് ചെയ്യുന്ന ഏതോ ആളാകും ഞാന്‍ എന്നായിരുന്നു തുടക്കത്തില്‍ എല്ലാവരും കരുതിയത്. അങ്ങനെയല്ലെന്ന് അറിഞ്ഞതും അവര്‍ നമ്മളോട് പെരുമാറുന്ന രീതി മാറി. പിന്നീട് നന്നായി ട്രീറ്റ് ചെയ്തു. രണ്‍ബീര്‍ സാറുമായി ആ സമയത്ത് കൂടുതലൊന്നും സംസാരിച്ചിരുന്നില്ല. എങ്കിലും ഞാന്‍ സാറിനോട് സാര്‍ ഒക്കെയല്ലേയെന്ന് ചോദിക്കുമ്പോള്‍ എന്നോട് ഞാന്‍ ഒക്കെയല്ലേ എന്ന് തിരിച്ച് ചോദിക്കുമായിരുന്നു. ഞാന്‍ ഒക്കെയാണെന്ന് പറഞ്ഞാല്‍ അത് മതിയെന്നും പറയും,’ അഖിലേഷ് മോഹന്‍ പറഞ്ഞു.


Content Highlight: Action Editor Akhilesh Mohan Talks About Ranbir Kapoor And Bro Daddy Movie

We use cookies to give you the best possible experience. Learn more