| Saturday, 23rd December 2023, 9:23 am

തല്ലുമാലയിലെ ആ ഫൈറ്റ് കണ്ടാണ് രണ്‍ബീറിന്റെ അനിമലിലേക്ക് വിളിക്കുന്നത്: അഖിലേഷ് മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍ സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകള്‍ എഡിറ്റ് ചെയ്ത മലയാളിയാണ് അഖിലേഷ് മോഹന്‍. പൃഥ്വിരാജ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന എമ്പുരാന്‍ സിനിമയിലും ഇദ്ദേഹം ഭാഗമാകുന്നുണ്ട്. ഇപ്പോള്‍ റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ അനിമല്‍ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അഖിലേഷ്.

‘അനിമല്‍ സിനിമയിലേക്ക് എന്നെ വിളിക്കുന്നത് അതിന്റെ ഫൈറ്റ് മാസ്റ്ററായ സുപ്രീം സുന്ദര്‍ സാറാണ്. ഞാന്‍ ആദ്യമായി ഇന്‍ഡിപെണ്ടന്‍ഡായി ചെയ്ത ബ്രദേഴ്‌സ് ഡേ സിനിമയില്‍ സാറായിരുന്നു ഫൈറ്റ് ചെയ്തിരുന്നത്. സാറുമായി അങ്ങനെ ഒരു കണക്ഷന്‍ ഉണ്ടായിരുന്നു.

അതിന് ശേഷം മറ്റൊരു സിനിമക്ക് വേണ്ടി ആക്ഷന്‍ എഡിറ്റര്‍ എന്ന രീതിയില്‍ അല്ലാതെ ഒരു ട്രയല്‍ വേര്‍ഷന്‍ കട്ട് ചെയ്യാനായി അദ്ദേഹം എന്നെ വിളിച്ചിരുന്നു. പിന്നെ പെട്ടെന്ന് ഒരു ദിവസം അദ്ദേഹം എന്നെ വീണ്ടും വിളിച്ചു. ‘ഞാന്‍ ഒരു ഹിന്ദി സിനിമ ചെയ്യുന്നുണ്ട്, ഒരു വലിയ പടമാണ്. ആക്ഷന്‍ സീക്വന്‍സ് നമുക്ക് കട്ട് ചെയ്യണം’ എന്ന് പറഞ്ഞു.

അങ്ങനെ ഞാന്‍ അനിമലിലേക്ക് പോകുന്നത് സ്‌പോട്ട് എഡിറ്ററായിട്ടാണ്. സാധാരണ ഇങ്ങനെ പോകുന്ന സ്പോട്ട് എഡിറ്റര്‍മാരെ പുറത്തറിയില്ല. ഞാന്‍ അനിമല്‍ സിനിമയില്‍ ചെയ്തിട്ടുണ്ടെന്ന് എല്ലാവരോടും പറയാന്‍ കാരണം അതില്‍ അവര്‍ എന്റെ പേര് വെച്ചത് കൊണ്ടാണ്. പേര് വെച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ വെറും സ്‌പോട്ട് എഡിറ്റര്‍ ആയിട്ട് മാറിയേനെ.

തുടക്കത്തില്‍ ചെറിയ ടെന്‍ഷനുണ്ടായിരുന്നു, കാരണം ആദ്യമായിട്ടാണ് ഒരു ഹിന്ദി പടം ചെയ്യാന്‍ പോകുന്നത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ കുഴപ്പമില്ലായിരുന്നു. അതിലെ ഒരു ഫയറിങ് ഏരിയയൊക്കെ ഷൂട്ട് ചെയ്ത ശേഷം അത് എഡിറ്റ് ചെയ്ത് കാണിച്ചപ്പോള്‍ എല്ലാവരും വലിയ ഹാപ്പിയായി. അതിന് ശേഷമാണ് അവര്‍ എന്റെ പേര് ആക്ഷന്‍ എഡിറ്റര്‍ എന്ന രീതിയില്‍ വെക്കാമെന്ന് പറയുന്നത്. എല്ലാ ഫൈറ്റും ഞാന്‍ തന്നെ ചെയ്യണമെന്നും പറഞ്ഞു.

സന്ദീപ് റെഡ്ഡി സാറിന് ഇമോഷന്‍ ബ്രേക്കാവാതെ ചെയ്യണമെന്ന് നിര്‍ബന്ധമാണ്. അതില്‍ കൂടുതല്‍ മാസ് വരരുത്, എന്നാല്‍ മാസ് ഉണ്ടാവുകയും വേണം. അപ്പോള്‍ അവര്‍ കുറേ പേരെ ട്രൈ ചെയ്ത് ആരെയും ശരിയാവാതെ വന്നപ്പോഴാണ് എന്നെ വിളിക്കുന്നത്. എന്റെ അറിവ് ശരിയാണെങ്കില്‍ തല്ലുമാല സിനിമ കണ്ടിട്ടാണ് സുപ്രീം സുന്ദര്‍ സാര്‍ എന്നെ വിളിക്കുന്നത്. അതിലെ തിയേറ്റര്‍ ഫൈറ്റാകാം അവര്‍ക്ക് ഇഷ്ടപെട്ടത്,’ അഖിലേഷ് മോഹന്‍ പറയുന്നു.


Content Highlight: Action Editor Akhilesh Mohan Talks About Animal Movie

We use cookies to give you the best possible experience. Learn more