തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. വിജയ്- വെങ്കട് പ്രഭു കോമ്പോ ആദ്യമായി ഒന്നിക്കുന്ന സിനിമയും രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തുന്ന വിജയ് ചിത്രം എന്ന നിലയിലും വന്‍ പ്രതീക്ഷയാണ് ഗോട്ടിന് മുകളില്‍ ആരാധകര്‍ വെക്കുന്നത്. ബിഗിലിന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുന്ന സിനിമ കൂടിയാണ് ഗോട്ട്.
ഡീ ഏജിങ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വിജയ്‌യുടെ രണ്ടാമത്തെ ലുക്ക് തയാറാക്കിയത്. വന്‍ ബജറ്റിലെത്തുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് ദിലീപ് സുബ്ബരായനാണ്. 100ലധികം സിനിമകളുടെ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ച ദിലീപ് അഞ്ചാം തവണയാണ് വിജയ്ക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത്.
100 ദിവസത്തിലധികം നീണ്ടുനിന്ന ഷൂട്ടായിരുന്നു ഗോട്ടിന്റേതെന്നും രണ്ട് ഗെറ്റപ്പിലെ വിജയ്ക്കും തീപ്പൊരി ആക്ഷന്‍ സീനുകള്‍ സിനിയിലുണ്ടെന്നും ദിലീപ് പറഞ്ഞു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ഓരോ ഫൈറ്റും വിജയ് ചെയ്തതെന്നും ഫൈനല്‍ കട്ട് കണ്ട പലരും ആക്ഷന്‍ സീനിനെ പ്രശംസിച്ചെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.
ഹോളിവുഡ് ചിത്രം മിഷന്‍ ഇംപോസിബിള്‍ പോലൊരു സിനിമയാണ് ഗോട്ടെന്നും തിയേറ്ററില്‍ എന്‍ജോയ് ചെയ്ത് കാണാന്‍ പറ്റുന്ന തരത്തിലാണ് വെങ്കട് പ്രഭു ഗോട്ട് ഒരുക്കിയതെന്നും ദിലീപ് പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിജയ് സാറുമായി ഞാന്‍ ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് ഇത്. ജില്ലയില്‍ ചെറിയൊരു പോര്‍ഷന്‍ ഞാനാണ് ചെയ്തത്. പിന്നീട് പുലി, തെരി, വാരിസ് എന്നീ സിനിമകളില്‍ ഞാനദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്തു. ഇപ്പോള്‍ ഗോട്ടിലെത്തി നില്‍ക്കുന്നു. വലിയ സ്‌കെയിലുള്ള സിനിമയാണിത്. അതുപോലെ വെങ്കട് പ്രഭുവിന്റെ സ്ഥിരം എലമെന്റുകളും ഈ പടത്തിലുമുണ്ട്. ഫൈനല്‍ കട്ട് കണ്ട പലരും ഹോളിവുഡ് ലെവല്‍ ആക്ഷനാണെന്ന് പറഞ്ഞിരുന്നു.
ഹോളിവുഡിലെ ഹിറ്റ് സിനിമ മിഷന്‍ ഇംപോസിബിള്‍ പോലെയാണ് ഗോട്ടെന്ന് പലരും പറഞ്ഞു. അതൊക്കെ കേട്ടപ്പോള്‍ വലിയ സന്തോഷമായി. വിജയ് സാര്‍ ഇതിലെ ആക്ഷനുകള്‍ ചെയ്തത് ഡ്യൂപ്പൊന്നും ഇല്ലാതെയാണ്. രണ്ട് റോളുകളുടെയും ആക്ഷന്‍ സീനുകള്‍ സ്‌റ്റോറിബോര്‍ഡില്‍ ആദ്യമേ സെറ്റ് ചെയ്തിരുന്നു. തിയേറ്ററില്‍ ആദ്യാവസാനം എന്‍ജോയ് ചെയ്ത് കാണാന്‍ പറ്റുന്ന ചിത്രമാണ് ഗോട്ട്,’ ദിലീപ് സുബ്ബരായന്‍ പറഞ്ഞു.
Content Highlight: Action Choreographer Dhilip Subbarayan about The Greatest of All Time