ചെന്നൈ: മോദി വിമര്‍ശിച്ചതിന് വികടന്‍ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്തതില്‍ പ്രതികരിച്ച് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും അവയ്ക്കുള്ള സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും വിജയ് പറഞ്ഞു.
മാധ്യമങ്ങളും അവ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളും തെറ്റോ കുറ്റപ്പെടുത്തുന്നതോ ആണെങ്കില്‍, കോടതി വഴിയാണ് പരിഹാരം തേടേണ്ടതെന്നും വിജയ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളെ ചോദ്യം ചെയ്യുന്നതല്ലാതെ മറ്റൊന്നുമല്ലെന്നും വിജയ് പ്രതികരിച്ചു.
ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാന സര്‍ക്കാരായാലും ടി.വി.കെ എന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും വിജയ് പറഞ്ഞു. ഫാസിസത്തിനെതിരെ ദൃഢമായി നിലകൊള്ളുമെന്നും വിജയ് വ്യക്തമാക്കി.
ത്രിഭാഷാ നയം നിര്‍ബന്ധമാക്കുന്നത് സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം എടുത്തുകളയുകയല്ലാതെ മറ്റെന്താണെന്നും വിജയ് ചോദിച്ചു.
സംസ്ഥാന ഭാഷാ നയത്തെ വെല്ലുവിളിക്കുകയും തമിഴ്‌നാടിന് ഫണ്ട് അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും വികടന്‍ വെബ്‌സൈറ്റ് തടയുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധവും അപലപനീയവുമായ ഫാസിസ്റ്റ് സമീപനങ്ങളാണെന്നും ടി.വി.കെ അധ്യക്ഷന്‍ പറഞ്ഞു.
വികടന്റെ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്ത തീരുമാനം ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. അഭിപ്രായപ്രകടനം നടത്തിയതിന് മാധ്യമങ്ങള്‍ പൂട്ടുന്നത് ജനാധിപത്യത്തിന് ഭംഗിയല്ലെന്നും ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റിന് ഉടനടി പ്രവര്‍ത്തനാനുമതി അനുവദിക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.
വികടന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് നടപടിക്ക് കാരണമായത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്‍ശനം. ഓണ്‍ലൈന്‍ മാസികയായ വികടന്‍ പ്ലസില്‍ 10-ാം തീയതിയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്.
പിന്നാലെ കാര്‍ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്‍. മുരുഗന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ (ശനി) വെബ്‌സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് എല്‍. മുരുകന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Content Highlight: Action against vikatan; A move questioning constitutional rights: Vijay