ദേശാഭിമാനി ലേഖകനെയും സി.പി.ഐ.എം ഓഫീസ് സെക്രട്ടറിയെയും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി
Kerala News
ദേശാഭിമാനി ലേഖകനെയും സി.പി.ഐ.എം ഓഫീസ് സെക്രട്ടറിയെയും മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th October 2024, 7:25 pm

കണ്ണൂര്‍: മട്ടന്നൂര്‍ പോളിടെക്‌നിക് കോളേജിലെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദേശാഭിമാനിയിലെ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ച 5 പൊലീസുകാര്‍ക്കെതിരെ നടപടി. പരാതിയില്‍ പറയുന്ന ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍, നാല് സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരെ കണ്ണൂര്‍ സിറ്റിയിലേക്ക് സ്ഥലംമാറ്റിക്കൊണ്ടാണ് നടപടിയെടുത്തിരിക്കുന്നത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ദേശാഭിമാനി ലേഖകന് പുറമെ സി.പി.ഐ.എം. ഓഫീസ് സെക്രട്ടറിക്കും മര്‍ദനമേറ്റിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ നടപടി എടുത്തുകൊണ്ടുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയിരിക്കുന്നത്.

ഒക്ടോബര്‍ 5നാണ് ദേശാഭിമാനി മട്ടന്നൂര്‍ ഏരിയ റിപ്പോര്‍ട്ടര്‍ ശരത് പുതുക്കുടിക്ക് പൊലീസ് മര്‍ദനമേല്‍ക്കുന്നത്. മട്ടന്നൂര്‍ പോളിടെക്‌നിക്കിലെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ശരത്. സംഭവ സ്ഥലത്ത് ലാത്തിച്ചാര്‍ജിനിടയില്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന പൊലീസിന്റെ ദൃശ്യങ്ങള്‍ ശരത് പകര്‍ത്തിയിരുന്നു.

മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ്.ഐയുടെ പേര് ശരത് ഫോണില്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട എസ്.ഐ മറ്റുപൊലീസുകാരെയും കൂട്ടിവന്ന് ശരതിനെ മര്‍ദിക്കുകയായിരുന്നു. താന്‍ ദേശാഭിമാനിയില്‍ നിന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്നതാണെന്ന് പറഞ്ഞെങ്കിലും പൊലീസ് കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് ശരത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

വാഹനത്തില്‍ വെച്ചും പൊലീസ് മര്‍ദിച്ചെന്നും എസ്.ഐയുടെ നെറ്റിയില്‍ മറ്റെവിടെയോ വെച്ചുണ്ടായ മുറിവിന് കാരണം ശരതാണെന്ന് എസ്.ഐ. മറ്റുപൊലീസുകാരോട് പറഞ്ഞെന്നും ശരതിന്റെ ഫേസ്ബുക് പോസ്റ്റിലുണ്ടായിരുന്നു. സംഭവത്തില്‍ ഇടപെടാന്‍ എത്തിയപ്പോഴാണ് സി.പി.ഐ.എമ്മിന്റെ ഓഫീസ് സെക്രട്ടറിക്ക് മര്‍ദനമേറ്റത്.

തന്നെ മര്‍ദിച്ച പൊലീസുകാരുടെ ചിത്രങ്ങളും പേര് വിവരങ്ങളുമടക്കമാണ് ശരത് പരാതി നല്‍കിയിരുന്നത്. പിന്നാലെയാണ് ഇപ്പോള്‍ പൊലീസുകാരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവുണ്ടായിരിക്കുന്നത്.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ഷാജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്ദീപ്, വിപിന്‍,ജിനേഷ്, അശ്വിന്‍ എന്നിവരെയാണ് മട്ടന്നൂര്‍ സ്റ്റേഷനില്‍ കണ്ണൂര്‍ സിറ്റിയിലെ ജില്ല ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.

CONTENT HIGHLIGHTS; Action against the policemen who beat up the Deshabhimani reporter  and CPIM office secretary