വി.എസിനെ വിമര്‍ശിച്ചതിന് ടി.കെ ഹംസയ്‌ക്കെതിരെ നടപടി
Kerala
വി.എസിനെ വിമര്‍ശിച്ചതിന് ടി.കെ ഹംസയ്‌ക്കെതിരെ നടപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd July 2012, 3:47 pm

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ പരസ്യപ്രസ്താവന നടത്തിയ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം ടി.കെ.ഹംസയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി നിര്‍ദേശം.[]

കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ഹംസക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന
നേത്യത്വത്തിന് നിര്‍ദേശം നല്‍കിയത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിനെ തുടര്‍ന്നായിരുന്നു വി.എസ്സിനെതിരെ ഹംസയുടെ പരിഹാസം കലര്‍ന്ന പ്രസംഗവും പരാമര്‍ശങ്ങളും.

പാര്‍ട്ടിക്ക് അപകടം വരുമ്പോഴെല്ലാം കോലിട്ടിളക്കിയ ആളാണ് വി.എസ്. അച്യുതാനന്ദനെന്നായിരുന്നു  മലപ്പുറം വളാഞ്ചേരിയില്‍ സി.പി.ഐ.എം പൊതുയോഗത്തില്‍ ടി.കെ. ഹംസ പറഞ്ഞത്.

വി.എസിനെ കൂടി ടി.പി വധക്കേസില്‍ കുടുക്കിയാല്‍ ശല്യം തീര്‍ന്നുകിട്ടിയേനെയെന്നും ഹംസ പറയുകയുണ്ടായി. ഹംസയുടെ ശുംഭത്തരത്തിന് മറുപടിയില്ലെന്ന് പറഞ്ഞ വി.എസ് കോണ്‍ഗ്രസുകാരനായിരിക്കെ ഹംസ എ.കെ.ജിയെ പോലും “കാലന്‍ വിളിച്ചിട്ടും എന്തേ പോകാത്തേ കോവാല കോവാല” എന്ന് പരിഹസിച്ചത് ഓര്‍മ്മെടുത്തിയായിരുന്നു മറുപടി കൊടുത്തത്.

അതേസമയം ഹംസയുടെ വാക്കുകളെ ഏറനാടന്‍ തമാശയായി കണ്ടാല്‍ മതിയെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാട്.

ഹംസയ്‌ക്കെതിരെ വി.എസ് തന്നെയാണ് കേന്ദ്രകമ്മിറ്റിക്ക് പരാതി നല്‍കിയത്. സി.പി.ഐ.എം സംസ്ഥാന സമിതി അംഗം കൂടിയായ ടി.കെ ഹംസക്കെതിരെ നടപടി വരുന്നത് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടിയാണ്.

(ടി.കെ ഹംസയുടെ വിവാദപ്രസംഗം)