| Monday, 14th August 2023, 9:13 pm

കാഴ്ചപരിമിതിയുള്ള അധ്യാപകന് അവഹേളനം; മഹാരാജാസില്‍ കെ.എസ്.യു നേതാവടക്കമുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അധിക്ഷേപിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. ക്ലാസ് മുറിയില്‍വെച്ച് അധ്യാപകനെ അവഹേളിച്ച അഞ്ച് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു.

കോളേജിലെ മൂന്നാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ അവഹേളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും കോളേജ് മാനേജ്‌മെന്റ് അറിയിച്ചു. അധ്യാപകന്റെ പിറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതാണ് ക്ലാസിലുണ്ടായിരുന്ന ചില പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലുള്ളത്. അറ്റന്റന്‍സ് മാറ്റര്‍ എന്ന തലക്കെട്ടില്‍ ഇത് റീലായി പ്രചരപ്പിച്ചെന്നും ആരോപണമുണ്ട്.

കെ.എസ്.യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ പരിഹസിച്ചത്. അരികുവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരധ്യാപകനെ അവഹേളിക്കാന്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് തന്നെ നേതൃത്വം നല്‍കിയിരിക്കുന്നു എന്നതാണ് ഞെട്ടലുളവാക്കുന്ന കാര്യമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പ്രതികരിച്ചു.

മഹാരാജാസിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാകെ അപമാനം വരുത്തിവെച്ച കെ.എസ്.യു നേതാവ് ഫാസിലിനെതിരെ കെ.എസ്.യു സംസ്ഥാന നേതൃത്വം നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍ഷോ ഫേസ്ബുക്കിലെഴുതിയ പ്രസ്താവനയില്‍ പറഞ്ഞു.

പി.എം. ആര്‍ഷൊയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം

സാമൂഹികമായ എന്തെല്ലാം പ്രതിസന്ധികളെ അതിജീവിച്ചാവും ആ മനുഷ്യന്‍ മഹാരാജാസ് കോളേജില്‍ അധ്യാപകനായി എത്തിയിട്ടുണ്ടാവുക!
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ അങ്ങേയറ്റം സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്.

കാഴചപരിമിതിയുള്ള അധ്യാപകന്‍ ക്ലാസെടുത്ത് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തെ പരിഹസിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് മനസ്സുലഞ്ഞ് നില്‍ക്കുകയാണ്. അധ്യാപകനെ ക്ലാസിനിടക്ക് അപമാനിച്ചു എന്ന് മാത്രമല്ല, അത് റീല്‍ ആക്കി നവമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍.

എന്തെല്ലാം പ്രതിസന്ധികള്‍ അതിജീവിച്ചായിരിക്കണം ആ മനുഷ്യന്‍ മഹാരാജാസിലെ അധ്യാപകനായി തീര്‍ന്നത്. ഇന്‍ക്ലൂസീവ് എജ്യുക്കേഷനെ കുറിച്ച് ചര്‍ച്ച നടക്കുന്ന ഈ കാലത്ത് ‘രാഷ്ട്രീയം ‘ ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് ഇത്തരമൊരു സമീപനം നാം പ്രതീക്ഷിക്കുന്നില്ല. ചരിത്രപരമായി അവഗണിക്കപ്പെട്ട, അരികുവത്കരിക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ഒരധ്യാപകനെ അവഹേളിക്കാന്‍ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് തന്നെ നേതൃത്വം നല്‍കിയിരിക്കുന്നു എന്നതാണ് ഏറെ ഞെട്ടലുളവാക്കുന്ന കാര്യം.

അധ്യാപകനെ അവഹേളിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മഹാരാജാസിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കാകെ അപമാനം വരുത്തിവെച്ച കെ.എസ്.യു നേതാവ് ഫാസിലിനെതിരെ കെ.എസ്.യു സംസ്ഥാന നേതൃത്വം നടപടിയെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.

സാര്‍വദേശീയവും, ദേശീയവും, പ്രാദേശികവുമായ ജീവല്‍പ്രശ്‌നങ്ങളെക്കുറിച്ച്, അരികുവത്കരിക്കപ്പെട്ട ജനതയെക്കുറിച്ച്, ജീവിതം തന്നെ പോരാട്ടമാക്കിയ മനുഷ്യരെക്കുറിച്ച് അങ്ങനെ എന്തെല്ലാം ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍ ദൈനംദിനം നടക്കുന്ന ക്യാമ്പസാണ് മഹാരാജാസ്! ആ ക്യാമ്പസിലെ രാഷ്ട്രീയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അരാഷ്ട്രീയവത്കരിക്കപ്പെട്ടത് അങ്ങേയറ്റം ഗൗരവത്തോടെയാണ് എസ്.എഫ്.ഐ നോക്കിക്കാണുന്നത്. മഹാരാജാസിലെ ഒരു വിദ്യാര്‍ത്ഥിയെന്ന നിലയ്ക്ക് ആ അധ്യാപകനോടും കേരള സമൂഹത്തോടും ക്ഷമ ചോദിക്കുന്നു. അരാഷ്ട്രീയതയ്‌ക്കെതിരെ അണിചേരാം…

Content Highlight: Action against students for abusing a visually impaired teacher in Maharajas College

We use cookies to give you the best possible experience. Learn more