ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
Kerala News
ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കി; ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th October 2022, 11:22 pm

തൊടുപുഴ: ഇടുക്കിയിലെ കിഴുകാനത്ത് ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

എസ്.എഫ്.ഒ അനില്‍ കുമാര്‍, ബി.എഫ്.ഒ വി.സി ലെനിന്‍, എന്‍.ആര്‍. ഷിജിരാജ്, ഡ്രൈവര്‍ ജിമ്മി ജോസഫ്, വാച്ചര്‍മാരായ കെ.എന്‍ മോഹനന്‍, കെ.ടി ജയകുമാര്‍ എന്നിവരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

വിജിലന്‍സ് വിഭാഗത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. കാട്ടിറച്ചി കൈവശംവെച്ചുവെന്ന പേരിലാണ് ഇടുക്കി കണ്ണംപടി സ്വദേശിയായ സരുണി കേസില്‍ കുടുക്കിയിരുന്നത്. സരുണ്‍ സജിക്കെതിരെയെടുത്തത് കള്ളക്കേസാണെന്ന് ഇടുക്കി റേഞ്ച് ഓഫീസര്‍ മുജീബ് റഹ്മാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവാവിന്റെ മാതാപിതാക്കള്‍ നാല് ദിവസമായി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ നിരാഹര സമരം നടത്തിയിരുന്നു.

സംഭവത്തില്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി. രാഹുലിനെ നേരത്തേ വനംവകുപ്പ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു.