[]തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 406 കേസുകള്‍ രജിസ്റ്റര്‍ചെയ്തതായി സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍.
ജനുവരി 10 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ 158 വ്യാജമദ്യ സംഘങ്ങള്‍ക്കെതിരെയും ആറു ബ്ലെയ്ഡ് മാഫിയ സംഘങ്ങള്‍ക്കെതിരെയും സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള “കാപ്പ” നിയമപ്രകാരം 32 പേര്‍ക്കെതിരെയും ഗയിമിങ് ആക്ട് പ്രകാരം 33 പേര്‍ക്കെതിരെയും നടപടിയെടുത്തു.
അനധികൃത മണല്‍ വാരലുമായി ബന്ധപ്പെട്ട് 164 കേസുകളും ലഹരിപദാര്‍ഥങ്ങള്‍ വിറ്റ ഡ്രഗ് മാഫിയാസംഘങ്ങള്‍ക്കെതിരെ 13 കേസുകളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു.
ജനുവരി ആദ്യവാരം പോലീസ് ആസ്ഥാനത്തുചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്കിയ നിര്‍ദേശത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ഗുണ്ടാ-മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യുന്നതിന് റെയ്ഡുകളും മറ്റു നടപടികളും പോലീസ് കൂടുതല്‍ കര്‍ശനമാക്കിയിരുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന മാഫിയാസംഘങ്ങള്‍ക്കും സാമൂഹിക വിരുദ്ധര്‍ക്കുമെതിരെ ശക്തമായ നടപടി വരുംദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി കെ.എസ്.ബാലസുബ്രഹ്മണ്യന്‍ അറിയിച്ചു.