കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെപ്പറ്റി മെഡിക്കല്‍ സൂപ്രണ്ടിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ അനില്‍കുമാറിനെതിരെ പൊലീസും കേസെടുത്തിരുന്നു. മുന്‍സിപ്പാലിറ്റി താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.
അനില്‍കുമാര്‍ തന്നെ സമീപിച്ച് ചില രേഖകള്‍ കാണിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുന്‍സിപ്പാലിറ്റി ജീവനക്കാരി പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന്, ഇവര്‍ നടത്തിയ പരിശോധനയില്‍ ആശുപത്രില്‍ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
എന്നാല്‍, പരാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ആവശ്യം. ഇത് സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് പൊലീസില്‍ പരാതിയും നല്‍കി.
വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവരം കിട്ടിയപ്പോള്‍തന്നെ ആഭ്യന്തര അന്വേഷണം നടത്തി നടപടിയെടുത്തുവെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.