പാലക്കാട്: തമിഴ്‌നാട്ടില്‍ നിന്നുള്ള അരിക്കടത്തിന് കൂട്ട് നിന്ന രണ്ട് സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ക്കെതിരെ പാര്‍ട്ടി നടപടി. സി.പി.ഐ.എം വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പുതുശ്ശേരി പഞ്ചായത്ത് മെമ്പറുമായ ആല്‍ബര്‍ട്ട് എസ്. കുമാര്‍, വാളയാര്‍ ബ്രാഞ്ച് കമ്മിറ്റി അംഗം ശിവകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്.
പ്രാദേശിക നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ പാര്‍ട്ടി നേതൃത്വം പ്രതിസന്ധിയിലായിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
റേഷനരികടത്ത് സംഘങ്ങളുടെ സുരക്ഷിത താവളങ്ങളിലൊന്നാണ് കേരള അതിര്‍ത്തിയായ വാളയാര്‍. ഇവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് സി.പി.ഐ.എമ്മിന്റെ പുതുശേരി പഞ്ചായത്ത് അംഗം ആല്‍ബര്‍ട്ട് കുമാറും പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് ശിവയുമാണ്.
വാളയാറില്‍ അരിക്കടത്തിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഈ പ്രാദേശിക നേതാക്കളാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് കടത്തെന്നാണ് വിവരം. പാര്‍ട്ടിയുടെ എല്ലാ പിന്തുണയും ഇവര്‍ക്ക് ഉണ്ടെന്നാണ് ആരോപണം. മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സി.പി.ഐ.എം നേതൃത്വം നടപടികളിലേക്ക് നീങ്ങിയത്.
അതേസമയം, ഓണവിപണി ലക്ഷ്യം വച്ചാണ് അതിര്‍ത്തികളിലൂടെ അരിക്കടത്ത് സജീവമാകുന്നതെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക് പോസ്റ്റിലൂടെ കേരളത്തിലേക്ക് റേഷന്‍ അരി കടത്തുന്നത് തടയാന്‍ ഇരു സംസ്ഥാനങ്ങളും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇതിനിടയിലും റേഷനരി കടത്ത് വന്‍ തോതില്‍ തുടരുകയാണ്.
തമിഴ്നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡുടമയ്ക്ക് നാല്‍പ്പത് കിലോ വരെ അരിയാണ് ഒരു രൂപ നിരക്കില്‍ മാസം തോറും നല്‍കുന്നത്. ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി കൊണ്ട് ലക്ഷങ്ങള്‍ കൊയ്യുന്നത് തമിഴ്‌നാട്ടിലെയും കേരളത്തിലെയും കരിഞ്ചന്തക്കാരാണ്. പൊള്ളാച്ചിയിലെ അരിമില്ലുകള്‍ കേന്ദ്രീകരിച്ചാണ് തമിഴ്‌നാട് റേഷനരി അരിയായും പൊടിയായും അതിര്‍ത്തി കടന്ന് കേരളത്തിലെത്തുന്നത്. അരി കടത്ത് സംഘത്തിന് കേരളത്തിലും സുരക്ഷിതമായ താവളങ്ങളുണ്ടെന്നാണ് വിവരം.